
കൊളംബസ്: വരാനിരിക്കുന്ന ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആമി ആക്ടനെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിക്ക് നേരിയ മുൻതൂക്കമെന്ന് പുതിയ സർവേ ഫലം. ഒടുവിൽ പുറത്തുവന്ന ആക്ടിവോട്ട് സർവേ പ്രകാരം രാമസ്വാമിക്ക് മൂന്ന് പോയിന്റിന്റെ ലീഡാണുള്ളത്. എന്നാൽ ഇരുസ്ഥാനാർത്ഥികളും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെ മത്സരരംഗത്തിറങ്ങിയ 41-കാരനായ വിവേക് രാമസ്വാമിക്ക് തുടക്കത്തിൽ വലിയ മുന്നേറ്റമുണ്ടായിരുന്നു. എന്നാൽ മുൻ സംസ്ഥാന ആരോഗ്യ വകുപ്പ് മേധാവിയായ ആമി ആക്ടൻ ശക്തമായ വെല്ലുവിളിയാണ് ഇപ്പോൾ ഉയർത്തുന്നത്. നവംബർ 3-നാണ് ഒഹായോയിൽ വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബോബി ജിൻഡൽ (ലൂസിയാന), നിക്കി ഹേലി (സൗത്ത് കരോലിന) എന്നിവർക്ക് ശേഷം യുഎസിൽ ഒരു സംസ്ഥാനത്തിന്റെ ഗവർണറാകുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജനാകും വിവേക് രാമസ്വാമി.
വ്യത്യസ്ത സർവേ ഫലങ്ങളാണ് ഒഹായോയിൽ നിന്നു പുറത്തുവരുന്നത്. ഒക്ടോബർ ആദ്യം പുറത്തുവന്ന സി.എൻ.എൻ-എസ്.എസ്.ആർ.എസ് സർവേയിൽ ആമി ആക്ടന് എട്ട് പോയിന്റിന്റെ ലീഡ് പ്രവചിച്ചിരുന്നു. കൂടാതെ പന്തയ വിപണികളായ കൽഷി, പോളിമാർക്കറ്റ് എന്നിവയും ആമി ആക്ടന് 70 ശതമാനം വിജയസാധ്യത കൽപ്പിക്കുമ്പോൾ രാമസ്വാമിക്ക് 31 ശതമാനം സാധ്യത മാത്രമാണ് പ്രവചിക്കുന്നത്.
പ്രചാരണത്തിനിടയിൽ വിവേക് രാമസ്വാമിക്ക് ചില തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ട്. ജൂലൈയിൽ ഒഹായോയിലെ കോളേജ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ, ‘വിജയിക്കുന്നവരും പരാതി പറയുന്നവരും’ എന്ന അദ്ദേഹത്തിന്റെ പ്രസംഗ ശൈലിക്കെതിരെ വലതുപക്ഷ അനുഭാവമുള്ള ജനക്കൂട്ടം രംഗത്തെത്തുകയും അദ്ദേഹത്തിന് പ്രസംഗം പൂർത്തിയാക്കാതെ വേദി വിടേണ്ടി വരികയും ചെയ്തിരുന്നു.
റിപ്പബ്ലിക്കൻ കോട്ടയായ ഒഹായോ കൈവിട്ടുപോകാതിരിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും നേരിട്ടാണ് ഇവിടെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ബുധനാഴ്ച സിൻസിനാറ്റിയിൽ ജെ.ഡി വാൻസ് പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലി നടക്കും. 2016, 2020, 2024 വർഷങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ട്രംപിനൊപ്പം നിന്ന ചരിത്രമാണ് ഒഹായോയ്ക്കുള്ളത്. 2006-ൽ ടെഡ് സ്ട്രിക്ലാൻഡ് വിജയിച്ചതിന് ശേഷം മറ്റൊരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥിക്ക് ഇവിടെ ഗവർണറാകാൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഇതുവരെ ഒരു വനിതയെ ഗവർണറായി ഒഹായോ തിരഞ്ഞെടുത്തിട്ടുമില്ല.
കേരളത്തിലെ പാലക്കാട്ടുനിന്നും അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകനായി 1985 ഓഗസ്റ്റ് 9-ന് സിൻസിനാറ്റിയിലാണ് വിവേക് രാമസ്വാമി ജനിച്ചത്. യേൽ ലോ സ്കൂളിൽ നിന്നും ബിരുദം നേടുന്നതിന് മുൻപ് തന്നെ അദ്ദേഹം ഒരു മില്യണയർ ആയി മാറി കഴിഞ്ഞിരുന്നു. മികച്ച പിയാനിസ്റ്റും ടെന്നീസ് താരവുമായ അദ്ദേഹം 2023-ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി മത്സരിച്ചെങ്കിലും പിന്നീട് പിന്മാറി ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ട്രംപ് ഭരണകൂടത്തിന് കീഴിൽ മസ്കിനൊപ്പം ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’ തലവനായി നിയമിതനായെങ്കിലും ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം ആ പദവി ഒഴിഞ്ഞു.
Ohio Governor’s Election: New Survey Suggests Slight Edge for Vivek Ramaswamy













