നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില ഗുരുതരം; വിദഗ്ധ ചികിത്സ തടഞ്ഞ് ഇറാൻ ഭരണകൂടം

ടെഹ്‌റാൻ: സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവും ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് സഞ്ജാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നർഗീസിന് അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ഇറാൻ ഇൻ്റലിജൻസ് മന്ത്രാലയം ഇതിനെ എതിർക്കുന്നതായി അവരുടെ കുടുംബം അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ജയിലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും രണ്ട് തവണ ബോധരഹിതയാകുകയും ചെയ്തതിനെത്തുടർന്നാണ് നർഗീസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അവർക്ക് ഹൃദയാഘാതം സംഭവിച്ചതായി സംശയിക്കുന്നതായും നിലവിൽ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും നർഗീസ് ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു. സഞ്ജാനിലെ ആശുപത്രിയിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ ടെഹ്‌റാനിലെ പാഴ്‌സ് ആശുപത്രിയിലേക്ക് മാറ്റണമെന്ന മെഡിക്കൽ സംഘത്തിൻ്റെ ആവശ്യം ഇറാൻ അധികൃതർ നിരസിക്കുകയായിരുന്നു.

കഴിഞ്ഞ 140 ദിവസങ്ങളായി നർഗീസിന് ആവശ്യമായ വൈദ്യസഹായം ജയിലിൽ നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. വിദഗ്ധ ചികിത്സ വൈകുന്നത് അവരുടെ ജീവന് ഭീഷണിയാണെന്ന് മനുഷ്യാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു.ഇറാനിലെ സ്ത്രീ പീഡനങ്ങൾക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും ശബ്ദമുയർത്തിയതിനാണ് നർഗീസ് മുഹമ്മദി തടവിലാക്കപ്പെട്ടത്. ജയിലിൽ കഴിയവെയാണ് 2023-ൽ അവരെ തേടി നൊബേൽ സമ്മാനം എത്തിയത്.

Nobel laureate Narges Mohammadi’s health condition is critical; Iranian government blocks specialist treatment

More Stories from this section

family-dental
witywide