കേരളത്തിലെ പ്രവാസികൾക്കായി നോർക്കയുടെ നേതൃത്വത്തിൽ സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ പ്ലസ്’ അവതരിപ്പിച്ചു. ഒരു കോടി രൂപ വരെ കവറേജ് ലഭിക്കുന്ന ഈ ഇൻഷുറൻസ് പദ്ധതി പൊതുമേഖലാ സ്ഥാപനമായ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി ചേർന്നാണ് നടപ്പിലാക്കുന്നത്. പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ ഒരു മാസക്കാലത്തേക്ക് ലഭ്യമായിരിക്കും.
അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെ ഏഴ് സ്ലാബുകളിലാണ് ഇൻഷുറൻസ് തുക ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന സ്ലാബുകൾക്ക് അനുസരിച്ചാണ് പ്രീമിയം തുക നിശ്ചയിച്ചിട്ടുള്ളത്. 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള പോളിസികളിൽ പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സ് വരെയുള്ള മാതാപിതാക്കളെ ഉൾപ്പെടുത്താനും അവസരമുണ്ട്.
സാധുവായ നോർക്ക പ്രവാസി ഐഡിയോ സ്റ്റുഡന്റ് ഐഡിയോ ഉള്ള 18 മുതൽ 70 വയസ്സ് വരെ പ്രായമുള്ള പ്രവാസികൾക്ക് ഈ പദ്ധതിയിൽ അംഗമാകാം. നോർക്കയുടെ വെബ്‌സൈറ്റ് (www.norkaroots.kerala.gov.in) വഴിയോ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമായ നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്പ് വഴിയോ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. കേരളത്തിലെ പ്രവാസികൾക്ക് മാത്രമാണ് പദ്ധതിയിൽ ചേരാൻ അർഹതയുള്ളത്.
കേരളത്തിലെ 688-ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 24,000-ത്തോളം ആശുപത്രികൾ വഴി ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്ന സംവിധാനമാണിത്. ക്ലെയിം തീർപ്പാക്കുന്നതിൽ മികച്ച നേട്ടമുണ്ടാക്കിയ നോർക്ക കെയർ പദ്ധതികൾ വഴി 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 99.38 ശതമാനം ക്ലെയിമുകളും പൂർത്തിയാക്കിയിട്ടുണ്ട്. 31,660 പോളിസി ഉടമകൾക്കായി 227 കോടി രൂപ ഇതിനോടകം നൽകിക്കഴിഞ്ഞു.
ലോകമെമ്പാടുമായി 40 ലക്ഷത്തിലധികം മലയാളി പ്രവാസികളുണ്ടെങ്കിലും 1.62 ലക്ഷം പേർ മാത്രമാണ് നിലവിൽ ഇതിന്റെ ഭാഗമായിട്ടുള്ളത്. നോർക്കയുടെ പദ്ധതികൾ സാധാരണ പ്രവാസികളിലേക്ക് എത്തുന്നില്ലെന്ന പരാതി ഉയരുന്ന സാഹചര്യത്തിൽ, എംബസികളുടെയും പ്രവാസി സംഘടനകളുടെയും സഹകരണത്തോടെ പദ്ധതി കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് നീക്കം. രോഗബാധയും മറ്റ് പ്രതിസന്ധികളും നേരിടാൻ സഹായകരമാകുന്ന ഈ പദ്ധതിയിൽ പരമാവധി പ്രവാസികൾ പങ്കാളികളാകണമെന്ന് നോർക്ക അധികൃതർ അഭ്യർത്ഥിച്ചു.
Norka Care Plus Insurance Scheme Launched Offering Up to 1 Crore Coverage for Pravasis












