
സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച കുട്ടികൾക്ക് ഇന്ത്യൻ കമ്പനിയായ നാറ്റ്കോയുടെ മരുന്ന് നൽകുന്നത് തുടരുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. ഇന്ത്യൻ മരുന്നിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സംശയങ്ങൾ ഒഴിവാക്കാനാണ് ‘ക്ലിനിക്കൽ ട്രയൽ’ എന്ന് എഴുതിയ മരുന്ന് തിരിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്ക് പിന്നിൽ അമേരിക്കൻ കമ്പനിയാകാമെന്നും ഇന്ത്യൻ മരുന്ന് സുരക്ഷിതമാണെന്ന് വിദഗ്ധസമിതി ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, തനിക്കെതിരെ വാർത്താസമ്മേളനം നടത്തിയ മുൻ ആരോഗ്യമന്ത്രിമാരെ രൂക്ഷമായി വിമർശിച്ചു. സ്വന്തം പാർട്ടിക്ക് വേണ്ടാത്ത വനിതകളാണ് ഇന്നലെ ഒരുമിച്ച് വന്നതെന്നും മുൻ സർക്കാരുകളുടെ കാലത്ത് അണുബാധ മൂലം കുട്ടികൾ മരിച്ചതും നിപ്പ ബാധിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു. നാറ്റ്കോ കമ്പനി പ്രതിനിധികളെ കണ്ടത് സിഎസ്ആർ പദ്ധതിയുമായി ബന്ധപ്പെട്ടാണെന്നും കമ്പനി മുൻപ് സിപിഎമ്മിന് സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മാത്രമാണ് ഈ രോഗത്തിന് സൗജന്യമായി മരുന്ന് നൽകുന്നതെന്നും വിലക്കുറവുള്ള ഇന്ത്യൻ മരുന്ന് ഇന്ത്യയിൽ പരീക്ഷിച്ച് വിജയം ഉറപ്പിച്ചതാണെന്നും വിദഗ്ധസമിതി ചെയർമാൻ വ്യക്തമാക്കി. നിലവിൽ ഇതിന്റെ ക്ലിനിക്കൽ ട്രയൽ നടക്കുന്നില്ലെന്നും ഡോക്ടർമാർക്ക് സാമ്പിളായി ലഭിച്ച മരുന്നാണ് നൽകിയതെന്നും ആശയക്കുഴപ്പം ഉയർന്നപ്പോൾ തന്നെ മരുന്ന് മാറ്റി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
No Plans to Resign, Says Health Minister K. Muraleedharan; NATCO Drug Administration to Continue











