മോദിയെ ‘പാമ്പാട്ടി’യായി ചിത്രീകരിച്ച് കാർട്ടൂണുമായി നേർവേ പത്രം; ലോകം മുഴുവൻ പ്രതിഷേധം; കൊളോണിയല്‍ കാഴ്ചപ്പാട് മാറിയിട്ടില്ലെന്ന് വിമർശനം

ഓസ്ലോ: അഞ്ച് രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നോര്‍വെയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച നോര്‍വെയിലെ പ്രമുഖ ദിനപത്രമായ ‘ആഫ്റ്റന്‍പോസ്റ്റന്‍’ വിവാദത്തില്‍. പ്രധാനമന്ത്രി മോദിയെ ‘പാമ്പാട്ടി’യായി ചിത്രീകരിച്ച കാര്‍ട്ടൂണില്‍, പാമ്പിന് പകരം പെട്രോള്‍ പമ്പിലെ ഇന്ധന പൈപ്പ് കൈയില്‍ പിടിച്ചിരിക്കുന്ന രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. “കൂര്‍മബുദ്ധിക്കാരനും നേരിയ തോതില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നവനുമായ മനുഷ്യന്‍” എന്ന തലക്കെട്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യയെ ഇന്നും ദാരിദ്ര്യവും അന്ധവിശ്വാസങ്ങളും നിറഞ്ഞ “പാമ്പാട്ടികളുടെ നാട്” എന്ന പഴയ കൊളോണിയല്‍ കാഴ്ചപ്പാടിലൂടെ കാണുന്ന പാശ്ചാത്യ മാധ്യമ മനോഭാവത്തിന്റെ ഉദാഹരണമാണ് ഇതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. കാര്‍ട്ടൂണ്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെ, നോര്‍വെ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് പ്രധാനമന്ത്രി മോദി ഒഴിഞ്ഞുമാറിയെന്ന ആരോപണവും ചര്‍ച്ചയാകുകയാണ്. നോര്‍വെ പ്രധാനമന്ത്രി യോനാസ് ഗാഹര്‍ സ്റ്റോറിനൊപ്പമുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിന് ശേഷം വേദി വിടുന്നതിനിടെ, ഓസ്ലോ ആസ്ഥാനമായ ‘ദാഗ്സവിസെന്‍’ പത്രത്തിലെ രാഷ്ട്രീയ നിരീക്ഷക ഹെല്ലെ ലിംഗ് പ്രധാനമന്ത്രി മോദിയോട് ചോദ്യം ഉന്നയിച്ചു.

“ലോകത്തിലെ ഏറ്റവും സ്വതന്ത്ര മാധ്യമങ്ങളോട് സംസാരിക്കാന്‍ താങ്കള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല?” എന്നായിരുന്നു അവരുടെ ചോദ്യം. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവും മനുഷ്യാവകാശ പ്രശ്നങ്ങളും സംബന്ധിച്ച ആശങ്കകളും അവർ ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ഇരുനേതാക്കളും പ്രതികരിക്കാതെ വേദി വിടുകയായിരുന്നു. ഹെല്ലെ ലിംഗ് പിന്നീട് ഈ ദൃശ്യങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചതോടെ സംഭവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി. ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ നോര്‍വെ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നാലെ ഇന്ത്യയില്‍നിന്ന് വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടതായും, താന്‍ ഒരു വിദേശ ചാരയല്ല, മാധ്യമപ്രവര്‍ത്തക മാത്രമാണെന്നും പിന്നീട് വിശദീകരിക്കേണ്ടിവന്നതായും അവർ അറിയിച്ചു.

More Stories from this section

family-dental
witywide