‘ഇൻഫ്ലേഷൻ മാൻ മോദി വീണ്ടും പ്രഹരിക്കുന്നു’ – ഇന്ധനവില വർധനവിൽ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുകൾ കഴിഞ്ഞയുടൻ പെട്രോൾ, ഡീസൽ വില തുടർച്ചയായി വർധിപ്പിച്ച് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

തൻ്റെ എക്സ് ഹാൻഡിലിലൂടെയായിരുന്നു രാഹുലിൻ്റെ രൂക്ഷവിമർശനം. പ്രധാനമന്ത്രിയെ “ഇൻഫ്ലേഷൻ മാൻ മോദി” (പണപ്പെരുപ്പത്തിൻ്റെ മനുഷ്യൻ) എന്ന് പരിഹസിച്ച അദ്ദേഹം, പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള പെട്ടെന്നുള്ള പ്രതിഷേധം ഒഴിവാക്കാനാണ് ഇന്ധനവില ഗഡുക്കളായി വർധിപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി.

“ഇൻഫ്ലേഷൻ മാൻ മോദി വീണ്ടും പ്രഹരിക്കുന്നു. ജനങ്ങളുടെ പോക്കറ്റ് ചോരുന്നത് അവർ അറിയാതിരിക്കാൻ പെട്രോൾ-ഡീസൽ വില തവണകളായാണ് കേന്ദ്രം കൂട്ടുന്നത്. രാജ്യത്ത് വലിയൊരു സാമ്പത്തിക കൊടുങ്കാറ്റ് വരുന്നുണ്ടെന്ന് മാസങ്ങളായി ഞാൻ മുന്നറിയിപ്പ് നൽകുന്നതാണ്. എന്നാൽ മോദിജി പതിവുപോലെ തെരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് 8 രൂപയോളമാണ് വർധിപ്പിച്ചത്. ഈ വിലക്കയറ്റം ഇനിയും തുടരും,” രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് ജനങ്ങളെ ദ്രോഹിക്കുകയുമാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ചൂണ്ടിക്കാട്ടി രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. തിങ്കളാഴ്ചത്തെ പുതുക്കലോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 2.61 രൂപ വർധിച്ച് 102.12 രൂപയായും, ഡീസൽ വില 2.71 രൂപ വർധിച്ച് 95.20 രൂപയായും ഉയർന്നു. മേയ് 15 മുതൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം പെട്രോൾ, ഡീസൽ വിലയിൽ 7 രൂപയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളിലും വില കുതിച്ചുയരുകയാണ്. മുംബൈയിൽ പെട്രോൾ വില 111.21 രൂപയിലും കൊൽക്കത്തയിൽ 113.51 രൂപയിലുമെത്തി. ചെന്നൈയിൽ പെട്രോളിന് 107.77 രൂപയാണ് പുതിയ വില. ആഗോള വിപണിയിലെ വിനിമയ നിരക്കിലെ വ്യതിയാനങ്ങളും ഹോർമുസ് കടലിടുക്കിലെ സംഘർഷ സാധ്യതകളുമാണ് വില വർധനവിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.

‘Inflation Man Modi strikes again’ – Rahul Gandhi slams fuel price hike