‘അമേരിക്കൻ വിസ തട്ടിപ്പ് നടത്താനുള്ള ലൈസൻസല്ല’; വ്യാജ ജോലികൾക്കും കടലാസ് കമ്പനികൾക്കുമെതിരെ ട്രംപ് ഭരണകൂടം നടപടി കടുപ്പിക്കുന്നു

വാഷിംഗ്ടൺ: വിസ നിയമങ്ങൾ കാറ്റിൽപ്പറത്തി അമേരിക്കൻ തൊഴിൽ വിപണിയിൽ തട്ടിപ്പ് നടത്തുന്ന കമ്പനികൾക്കെതിരെ കർശന മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. വ്യാജ ജോലികൾ സൃഷ്ടിച്ചും, കടലാസ് കമ്പനികൾ വഴിയും ഇമിഗ്രേഷൻ നിയമങ്ങളെ കബളിപ്പിക്കുന്നവർക്കെതിരെ രാജ്യവ്യാപകമായി അന്വേഷണം ശക്തമാക്കുമെന്ന് യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ലേബർ ഇൻസ്‌പെക്ടർ ജനറൽ ആന്റണി ഡി എസ്പോസിറ്റോ വ്യക്തമാക്കി.

“അമേരിക്കൻ തൊഴിലാളികളെ വഞ്ചിക്കാനുള്ള ലൈസൻസല്ല യു.എസ് വിസ. വ്യാജ ജോലികൾ കാണിച്ചും ജീവനക്കാരിൽ നിന്ന് ശമ്പളം തിരികെ വാങ്ങിയും നമ്മുടെ ഇമിഗ്രേഷൻ വ്യവസ്ഥയെ ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ ഒട്ടും സഹിഷ്ണുത കാണിക്കില്ല,” എന്ന് അദ്ദേഹം തൻ്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ മുന്നറിയിപ്പ് നൽകി. അമേരിക്കൻ ജോലികളും വേതനവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേകിച്ച് എച്ച്-1ബി, പേം വിസ പ്രോഗ്രാമുകളിലെ തട്ടിപ്പുകൾ കണ്ടെത്താനായി കഴിഞ്ഞ ജൂലൈ മുതൽ ലേബർ ഡിപ്പാർട്ട്‌മെൻ്റ് അന്വേഷണം ശക്തമാക്കിയിരുന്നു. വ്യാജ അപേക്ഷകൾ സമർപ്പിക്കുക, ജീവനക്കാരെ ഭീഷണിപ്പെടുത്തി ശമ്പളം തിരികെ വാങ്ങുക, നിശ്ചയിച്ചിട്ടുള്ളതിലും കുറഞ്ഞ ശമ്പളം നൽകുക തുടങ്ങിയ ഗുരുതരമായ പരാതികളാണ് ഏജൻസി പരിശോധിക്കുന്നത്.

നിയമലംഘനം നടത്തുന്നവരെ കണ്ടെത്താൻ വിവിധ നഗരങ്ങളിൽ നേരിട്ടുള്ള ഫീൽഡ് ഇൻവെസ്റ്റിഗേഷനുകളും ആരംഭിച്ചു കഴിഞ്ഞു. ടെക്സാസിലെ ഡാളസിൽ ഇത്തരത്തിൽ നടത്തിയ പരിശോധനകളിൽ വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്. അഞ്ഞൂറിലധികം എച്ച്-1ബി വിസകൾക്ക് അനുമതി നേടിയ ഒരു ബഹുനില കെട്ടിടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോൾ, സജീവമായ ബിസിനസ് പ്രവർത്തനങ്ങളൊന്നും ഇല്ലാതെ പൂട്ടിക്കിടക്കുന്ന ഓഫീസുകളാണ് കണ്ടെത്താനായത്. വ്യാജ രേഖകൾ ചമയ്ക്കുന്ന തൊഴിലുടമകൾക്കൊപ്പം ഇതിന് കൂട്ടുനിൽക്കുന്ന ലേബർ ബ്രോക്കർമാരും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒ.ഐ.ജി മുന്നറിയിപ്പ് നൽകി.

അമേരിക്കൻ ഫെഡറൽ നിയമപ്രകാരം എച്ച്-1ബി ജീവനക്കാർക്ക് നിശ്ചയിക്കപ്പെട്ട തുകയേക്കാൾ കുറഞ്ഞ ശമ്പളം നൽകാൻ പാടില്ല. എന്നാൽ പല കമ്പനികളും വിസ റദ്ദാക്കുമെന്ന രീതിയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി ശമ്പളത്തിന്റെ ഒരു വിഹിതം കൈക്കൂലിയായി തിരികെ വാങ്ങുന്നതായി ഏജൻസി കണ്ടെത്തിയിട്ടുണ്ട്.

ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ. എന്നാൽ നിയമപരമായി പ്രവർത്തിക്കുന്ന കമ്പനികൾക്കും ജീവനക്കാർക്കും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, അവർ ലേബർ ഡിപ്പാർട്ട്‌മെൻ്റിന്റെ വേതന-തൊഴിൽ ചട്ടങ്ങൾ കൃത്യമായി പാലിച്ചാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി.

‘Not a license for American visa fraud’: Trump administration toughens stance against fake jobs and shell companies.

More Stories from this section

family-dental
witywide