ഒഹായോ ഗവർണർ പോരാട്ടം: വിവേക് രാമസ്വാമിക്ക് യുഎസ് വൈസ് പ്രസിഡൻ്റിൻ്റെ പരസ്യ പിന്തുണ; വേദിയിൽ ചിരി പടർത്തി ‘AI മീം’ കഥ

വാഷിംഗ്ടൺ: അമേരിക്കയിലെ ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിക്ക് പരസ്യ പിന്തുണയുമായി യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് രംഗത്ത്. ഒഹായോയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് വാൻസ് തൻ്റെ അടുത്ത സുഹൃത്തുകൂടിയായ രാമസ്വാമിയെ പ്രശംസകൊണ്ടു മൂടിയത്. രാമസ്വാമി ഒഹായോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗവർണർമാരിൽ ഒരാളായിരിക്കുമെന്നും വാൻസ് പ്രത്യാശ പ്രകടിപ്പിച്ചു.

സിൻസിനാറ്റിയിൽ നടന്ന രാഷ്ട്രീയ കോൺഫറൻസിൽ വിവേക് രാമസ്വാമിക്ക് നേരെ ഒരു വിഭാഗം ആളുകളിൽ നിന്ന് കൂവലും പ്രതിഷേധവും നേരിടേണ്ടി വന്ന് ആഴ്ചകൾക്ക് ശേഷമാണ് വൈസ് പ്രസിഡൻ്റിൻ്റെ ഈ നിർണ്ണായക പിന്തുണ. ഒഹായോയിലെ സ്റ്റീൽ തൊഴിലാളികളുടെ റാലിയിൽ സംസാരിക്കവെയാണ് വാൻസ് രാമസ്വാമിയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

തൻ്റെ നാലാമത്തെ കുഞ്ഞിൻ്റെ ജനനത്തിന് ശേഷം വാൻസ് പങ്കെടുക്കുന്ന ആദ്യ പൊതുറാലിയായിരുന്നു ഇത്. പ്രസംഗത്തിനിടെ ഇൻ്റർനെറ്റിൽ തരംഗമായ ഒരു ‘AI മീം’ പങ്കുവെച്ചത് സദസ്സിൽ ചിരി പടർത്തി. വാൻസിൻ്റെ ആറ് വയസ്സുകാരനായ രണ്ടാമത്തെ മകൻ്റെ പേരും വിവേക് എന്നാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒഹായോയിലെ പ്രൈമറി വോട്ടെടുപ്പ് കേന്ദ്രത്തിൽ മകനൊപ്പം വാൻസ് നടന്നുപോകുന്ന ചിത്രം വാർത്തകളിൽ വന്നിരുന്നു.

എന്നാൽ, തൊട്ടുപിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് മകൻ്റെ മുഖത്തിന് പകരം വിവേക് രാമസ്വാമിയുടെ മുഖം ചേർത്തുവെച്ച് ആരോ സമൂഹമാധ്യമങ്ങളിൽ മീം പ്രചരിപ്പിച്ചു. “വാൻസും മകൻ വിവേകും വോട്ട് ചെയ്യാനെത്തി” എന്ന അടിക്കുറിപ്പോടെ വിവേക് രാമസ്വാമി വാൻസിൻ്റെ കൈപിടിച്ചു നടക്കുന്ന രീതിയിലായിരുന്നു ചിത്രം. “പക്ഷേ അന്ന് വോട്ട് ചെയ്യാൻ പോകാൻ ആരും വിവേകിനെ നിർബന്ധിക്കേണ്ടി വന്നില്ല. ബാലറ്റിൽ സ്വന്തം പേരുള്ളപ്പോൾ വോട്ട് ചെയ്യാൻ പോകാൻ ആരുടെയും പ്രേരണ ആവശ്യമില്ലല്ലോ,” എന്ന് വാൻസ് തമാശരൂപേണ പറഞ്ഞപ്പോൾ സദസ്സിൽ വൻ കൈയടിയാണ് ഉയർന്നത്.

ശ്രദ്ധേയമായി ഒഹായോ പോരാട്ടം

പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെയും വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിൻ്റെയും പൂർണ്ണ പിന്തുണയോടെ മെയ് മാസത്തിലെ പ്രൈമറി ജയിച്ചാണ് വിവേക് രാമസ്വാമി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായത്. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ആമി ആക്ടണാണ് അദ്ദേഹത്തിൻ്റെ മുഖ്യ എതിരാളി. ആമി വിജയിക്കുകയാണെങ്കിൽ, കഴിഞ്ഞ 20 വർഷത്തിനിടെ ഒഹായോ ഗവർണർ പദവിയിലെത്തുന്ന ആദ്യ ഡെമോക്രാറ്റ് നേതാവായി അവർ മാറും.

ട്രംപ് സർക്കാരിൻ്റെ ‘ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി’ (DOGE) കോ-ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള വിവേക് രാമസ്വാമി, 2024-ൽ യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരരംഗത്തുണ്ടായിരുന്നു. പിന്നീട് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് മാറുകയായിരുന്നു. കേരളത്തിൽ നിന്നുള്ള കുടിയേറ്റ ദമ്പതികളുടെ മകനായി ഒഹായോയിൽ ജനിച്ച രാമസ്വാമി, ഹാർവാർഡ് സർവകലാശാലയിലും യേൽ ലോ സ്കൂളിലുമായാണ് പഠനം പൂർത്തിയാക്കിയത്. പ്രമുഖ ബയോടെക്നോളജി കമ്പനിയായ ‘റോയ്‌വാന്റ് സയൻസസിൻ്റെ’ സ്ഥാപകൻ കൂടിയാണ് ഈ 41-കാരൻ.

Ohio Governor’s race: US Vice President publicly supports Vivek Ramaswamy; ‘AI meme’ story spreads laughter on stage

More Stories from this section

family-dental
witywide