ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്; ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു, ബ്രെന്റ് ക്രൂഡ് വില 110 ഡോളറിന് താഴേക്ക്

ലണ്ടൻ: യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന സൈനിക യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും വ്യക്തമാക്കിയതോടെ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിൽ സമാധാന കരാറിലെത്താനുള്ള സാധ്യതകൾ തെളിഞ്ഞതാണ് വിപണിയിലെ വിലക്കയറ്റത്തിന് താൽക്കാലിക ശമനമുണ്ടാക്കിയത്. ലണ്ടൻ സമയം പുലർച്ചെ 04:10-ഓടെ പുറത്തുവന്ന കണക്കുകൾ പ്രകാരം, അന്താരാഷ്ട്ര എണ്ണവിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ബാരലിന് 88 സെന്റ് (0.8 ശതമാനം) ഇടിഞ്ഞ് 110.40 ഡോളറിലെത്തി.

യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചേഴ്സ് വില 67 സെന്റ് (0.6 ശതമാനം) കുറഞ്ഞ് ബാരലിന് 103.48 ഡോളറായും താഴ്ന്നു. യുദ്ധഭീതി മാറി നയതന്ത്ര ചർച്ചകൾ വിജയിക്കാനുള്ള സാധ്യതകൾ വിപണി കൃത്യമായി നിരീക്ഷിക്കുന്നതിനാലാണ് വിലയിൽ ഈ മയപ്പെടൽ ഉണ്ടായതെന്ന് പ്രമുഖ സാമ്പത്തിക വിശകലന ഏജൻസിയായ എൽഎസ്ഇജിയിലെ സീനിയർ ഓയിൽ റിസർച്ച് അനലിസ്റ്റ് എംറിൽ ജമിൽ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

തർക്കങ്ങൾ പരിഹരിക്കാൻ യുഎസും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇരു ബെഞ്ച്മാർക്കുകളിലും ബാരലിന് ഏകദേശം 1 ഡോളറോളം വില കുറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ട്രംപിന്റെ പുതിയ പ്രസ്താവനയും വിപണിയെ സ്വാധീനിച്ചത്. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി സമാധാന കരാർ ഒപ്പിട്ടാൽ പോലും പെട്ടെന്ന് തന്നെ എണ്ണവില യുദ്ധത്തിന് മുൻപുള്ള പഴയ നിരക്കിലേക്ക് താഴാൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. യുദ്ധം കാരണം തടസ്സപ്പെട്ട എണ്ണ വിതരണ ശൃംഖല പൂർവ്വസ്ഥിതിയിലാകാൻ കൂടുതൽ സമയമെടുക്കുമെന്നതിനാലാണിത്. എങ്കിലും നിലവിലെ വിലക്കുറവ് ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

More Stories from this section

family-dental
witywide