
വാഷിംഗ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ നാല് വർഷത്തെ ഉയർന്ന നിരക്കിന് തൊട്ടുതാഴെയാണ് നിലവിൽ വില തുടരുന്നത്. സമാധാന ചർച്ചകൾ എങ്ങുമെത്താത്തതും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നു നൽകാത്തതുമാണ് വിപണിയിൽ ഇത്രയധികം പ്രതിഫലിക്കുന്നത്.
ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകളുടെ വില ഒരു ശതമാനം വർദ്ധിച്ച് ബാരലിന് 111.48 ഡോളറിലെത്തി. കഴിഞ്ഞ ദിവസം വലിയ കുതിച്ചുചാട്ടം നടത്തിയെങ്കിലും വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. സമാനമായി വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചറുകൾ 0.4 ശതമാനം ഉയർന്ന് ബാരലിന് 105.50 ഡോളറിലെത്തി.അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഗോള ക്രൂഡ് വിലയിൽ വലിയ രീതിയിലുള്ള വർദ്ധനവാണ് പ്രകടമാകുന്നത്.
ലോകത്തിലെ എണ്ണ-വാതക നീക്കങ്ങളുടെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുന്നത് വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നയതന്ത്ര തലത്തിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.














