
വാഷിംഗ്ടൺ : ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ദുരൂഹമായ വിദേശ നിക്ഷേപങ്ങളെക്കുറിച്ചും വാൾസ്ട്രീറ്റ് ബാങ്ക് ബന്ധങ്ങളെക്കുറിച്ചും യുഎസ് നീതിന്യായ വകുപ്പ് വിപുലമായ അന്വേഷണം ആരംഭിച്ചു. വൻതോതിലുള്ള പണം വെളുപ്പിക്കൽ, അഴിമതി ആരോപണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ബ്ലൂംബർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഖമേനിയുടെ മേൽനോട്ടത്തിലുള്ള വിവിധ കമ്പനികൾ നടത്തിയ വൻകിട സാമ്പത്തിക ഇടപാടുകളാണ് യുഎസ് ഏജൻസികൾ നിരീക്ഷിക്കുന്നത്. അമേരിക്കയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ ജെപി മോർഗൻ ചേസ്, സിറ്റിഗ്രൂപ്പ് എന്നിവ വഴി ഖമേനിയുടെ ശൃംഖലകൾ പണം കൈമാറ്റം നടത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. നിലവിൽ ക്രിമിനൽ കുറ്റങ്ങൾ ഒന്നും ചുമത്തിയിട്ടില്ലെങ്കിലും അന്വേഷണത്തിൻ്റെ പ്രധാന ലക്ഷ്യം ഖമേനി തന്നെയാണ്.
മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മൊജ്തബ ഖമേനി ഇറാൻ്റെ പുതിയ പരമോന്നത അധികാരിയായി ചുമതലയേറ്റത്. ആക്രമണത്തിന് ശേഷം അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ പല ഊഹാപോഹങ്ങളും ഉയർന്നിരുന്നു. എന്നാൽ മൊജ്തബ ഖമേനി ജീവനോടെയുണ്ടെന്നും ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Money laundering: US probes Iran Supreme Leader Mojtaba Khamenei’s Wall Street ties; JP Morgan, Citigroup under scrutiny















