
മുംബൈ: ഇറാനെ സാമ്പത്തികമായി തളയ്ക്കാൻ ലക്ഷ്യമിട്ട് ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം വെല്ലുവിളി നേരിടുന്നു. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എണ്ണയുമായി കപ്പലുകൾ സുരക്ഷിതമായി എത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച മുംബൈ തീരത്തടുത്ത ‘ദേശ് ഗരിമ’ എന്ന ഇന്ത്യൻ കപ്പലാണ് ഇതിൽ പ്രധാന ഉദാഹരണം. ഖത്തറിലെ റാസ് ലഫാനിൽ നിന്ന് 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി വന്ന കപ്പൽ, ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയ്ക്കിടയിലും യാത്ര പൂർത്തിയാക്കി. യാത്രയ്ക്കിടെ ഇറാൻ്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായെങ്കിലും കപ്പൽ സുരക്ഷിതമായി മുംബൈയിലെത്തുകയായിരുന്നു.
ഏപ്രിൽ 13-ന് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം മുപ്പതിലധികം ടാങ്കറുകൾ ഇത്തരത്തിൽ ഹോർമുസ് കടലിടുക്ക് കടന്നുപോയിട്ടുണ്ട്. ഇതിൽ 14 ഇന്ത്യൻ കപ്പലുകൾ നിലവിൽ ഈ മേഖലയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സ്ഥിരീകരിച്ചു.
അമേരിക്കൻ നാവികസേനയുടെ കണ്ണുവെട്ടിച്ച് കപ്പലുകൾ എങ്ങനെ മുംബൈയിലെത്തുന്നു എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് രണ്ട് പ്രധാന റൂട്ടുകളാണ്. പാകിസ്ഥാൻ തീരം വഴിയാണ് ഇതിലൊന്ന്. ഇറാൻ്റെ തീരപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നേരിട്ട് പാകിസ്ഥാൻ്റെ പ്രാദേശിക സമുദ്രപരിധിയിലേക്ക് കടക്കുന്ന രീതിയാണിത്. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് മറ്റൊരു രാജ്യത്തിൻ്റെ സമുദ്രപരിധിയിൽ കയറി കപ്പലുകളെ തടയാൻ അമേരിക്കയ്ക്ക് അധികാരമില്ല. ഈ പഴുതാണ് കപ്പലുകൾ ഉപയോഗിക്കുന്നത്.
ചാബഹാർ വഴി അന്താരാഷ്ട്ര പാതയിലേക്ക് കടക്കുന്നതാണ് മറ്റൊരു പഴുത്. ഇറാൻ തീരത്തുകൂടി സഞ്ചരിച്ച് ചാബഹാർ തുറമുഖം പിന്നിട്ട ശേഷം തെക്കോട്ട് തിരിഞ്ഞ് അന്താരാഷ്ട്ര സമുദ്രപരിധിയിലേക്ക് കടക്കുന്നതാണ് ഈ രണ്ടാമത്തെ വഴി. ഇവിടെ നിന്ന് മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിലേക്ക് നേരിട്ടെത്താം.
ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമങ്ങൾ അനുസരിച്ച്, ഒരു രാജ്യത്തിൻ്റെ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള ഭാഗത്ത് വിദേശ കപ്പലുകൾക്ക് ‘ഇന്നസെൻ്റ് പാസേജ്’ അഥവാ സമാധാനപരമായ യാത്രയ്ക്ക് അവകാശമുണ്ട്. മീൻപിടുത്തമോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളോ നടത്തുന്നില്ലെങ്കിൽ ഈ കപ്പലുകളെ തടയാൻ ആ തീരദേശ രാജ്യത്തിന് പോലും കഴിയില്ല.
ഇറാൻ്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ഐലൻഡിൽ നിന്നുള്ള കപ്പലുകൾ ഈ തന്ത്രപരമായ പാതകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉപരോധം ശക്തമാണെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, പ്രായോഗികമായി കടലിടുക്കിലെ എണ്ണനീക്കം പൂർണ്ണമായും തടയാൻ സാധിക്കുന്നില്ല എന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.
Oil tankers reach Mumbai through the Strait of Hormuz despite US sanctions, two routes are becoming vulnerable














