കോസ്‌കോ കപ്പലുകളിൽ രഹസ്യ ഉപകരണങ്ങൾ; സൈനിക വിവരങ്ങൾ ചോർത്താൻ ചൈന ശ്രമിക്കുന്നതായി യുഎസ്

വാഷിങ്ടൺ: ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ ഷിപ്പിങ് കമ്പനിയായ കോസ്‌കോയുടെ കപ്പലുകളിൽ രഹസ്യ ഉപകരണങ്ങൾ സ്ഥാപിച്ച് സൈനിക ആശയവിനിമയ വിവരങ്ങൾ ശേഖരിക്കുന്നതായി യുഎസ് ആരോപണം. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരപ്രദേശങ്ങൾക്ക് സമീപമുള്ള സൈനിക ആശയവിനിമയങ്ങളാണ് ചൈന ലക്ഷ്യമിടുന്നതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനീസ് രഹസ്യാന്വേഷണ പദ്ധതിയെക്കുറിച്ചുള്ള യുഎസ് വിലയിരുത്തലുകൾ സംബന്ധിച്ച് സംസാരിച്ച ഉദ്യോഗസ്ഥർ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിലാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ചൈനീസ് സർക്കാരുമായി കോസ്‌കോയ്ക്ക് പതിറ്റാണ്ടുകളായി രഹസ്യാന്വേഷണ സഹകരണമുണ്ടെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ ആരോപണം. യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്നും വിമാനങ്ങളിൽ നിന്നും ആശയവിനിമയ സിഗ്നലുകൾ ശേഖരിക്കാൻ ഈ സംവിധാനത്തിലൂടെ ചൈനയ്ക്ക് കഴിയുന്നതായും അവർ പറഞ്ഞു. കോസ്‌കോ കപ്പലുകളിലെ അത്യാധുനിക ഉപകരണങ്ങൾ സൈനിക ആശയവിനിമയ സാങ്കേതികവിദ്യകളെയും എൻക്രിപ്ഷൻ മേഖലയിലെ പുതിയ മാറ്റങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്നതാണെന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.

ആഗോള വ്യാപാരത്തിനും സൈനിക നീക്കങ്ങൾക്കും നിർണായകമായ പ്രധാന കപ്പൽപ്പാതകളും സമുദ്ര ഗതാഗത മാർഗങ്ങളും നിരീക്ഷിക്കാനും ഈ സംവിധാനങ്ങൾ ചൈനയെ സഹായിക്കുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ കോസ്‌കോ കപ്പലുകളിൽ ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന ഉപകരണങ്ങളുടെ കൃത്യമായ വിവരങ്ങൾ യുഎസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടില്ല. സാധാരണ ആശയവിനിമയ ഉപകരണങ്ങളല്ല ഇവയെന്നും, സങ്കീർണമായ സിഗ്നൽ രഹസ്യാന്വേഷണ സംവിധാനങ്ങളാണെന്നും അവർ വ്യക്തമാക്കി.

ശേഖരിക്കുന്ന വിവരങ്ങൾ വിവിധ രാജ്യങ്ങളുമായുള്ള പ്രദേശിക തർക്കങ്ങളിൽ ചൈനയുടെ നിലപാട് ശക്തിപ്പെടുത്താൻ ഉപയോഗിക്കുന്നതായും യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു. സമുദ്ര നിരീക്ഷണത്തിനും വിദേശ സൈനിക ലക്ഷ്യങ്ങളെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പ് വിവരങ്ങൾ ലഭിക്കുന്നതിനും ഈ വിവരങ്ങൾ സഹായിക്കുന്നതായും അവർ പറഞ്ഞു. റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ കോസ്‌കോയോട് ആവശ്യപ്പെട്ടെങ്കിലും കമ്പനി പ്രതികരിച്ചില്ല.

അതേസമയം, യുഎസിന്റെ ആരോപണങ്ങൾ ചൈനീസ് എംബസി ശക്തമായി തള്ളി.വിദേശ രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങൾ ലംഘിച്ച് വിവരങ്ങളോ ഡാറ്റയോ രഹസ്യാന്വേഷണ വിവരങ്ങളോ ശേഖരിക്കാനോ കൈമാറാനോ ഒരു കമ്പനിയോടോ വ്യക്തിയോടോ ചൈനീസ് സർക്കാർ ആവശ്യപ്പെടില്ലെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി വ്യക്തമാക്കി. അടിസ്ഥാനരഹിതമായ രഹസ്യാന്വേഷണ ശേഖരണം എന്ന പ്രചാരണം നടത്തി ചൈനയെ അപകീർത്തിപ്പെടുത്തുന്നതിനെ ഞങ്ങൾ എതിർക്കുന്നു എന്നും ചൈനീസ് എംബസി വക്താവ് ലിയു ചാങ് പറഞ്ഞു.

എന്നാൽ, ചൈനീസ് വാണിജ്യ ഷിപ്പിങ് കമ്പനികൾക്ക് രാജ്യത്തെ സൈനിക, രഹസ്യാന്വേഷണ സംവിധാനങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന ആശങ്ക അമേരിക്കയിൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. 2025 ഏപ്രിലിൽ യുഎസ് നേവൽ വാർ കോളജ് പുറത്തുവിട്ട റിപ്പോർട്ടിലും, രഹസ്യാന്വേഷണ-നിരീക്ഷണ പ്രവർത്തനങ്ങൾക്കായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (PLA) രാജ്യത്തെ മത്സ്യബന്ധന, വാണിജ്യ കപ്പൽശൃംഖലകളെ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

2025 ജനുവരിയിൽ ചൈനീസ് സൈന്യവുമായി ബന്ധമുള്ള കമ്പനികളുടെ പട്ടികയിൽ പെന്റഗൺ കോസ്‌കോയെയും ഉൾപ്പെടുത്തിയിരുന്നു. പട്ടികയിൽ ഉൾപ്പെടുത്തുന്നത് കമ്പനികൾക്ക് വലിയ പ്രതിച്ഛായാ നഷ്ടമുണ്ടാക്കുന്നതിനൊപ്പം യുഎസ് സർക്കാർ കരാറുകളിൽ നിന്ന് വിലക്ക് നേരിടാനും കാരണമാകാം. എന്നാൽ ഇത് ഔപചാരിക ഉപരോധമായി കണക്കാക്കില്ല. ചൈനീസ് നിയമപ്രകാരം രാജ്യത്തെ കമ്പനികൾ സർക്കാർ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകേണ്ടതുണ്ട്. അമേരിക്കയിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, യുഎസ് തുറമുഖങ്ങളിൽ എത്തുന്ന ലോകത്തിലെ പ്രമുഖ ഷിപ്പിങ് കമ്പനികളിലൊന്നാണ് കോസ്‌കോ. അമേരിക്കയിലെ വിവിധ തുറമുഖങ്ങളിൽ കണ്ടെയ്നർ കപ്പലുകൾക്കായുള്ള ടെർമിനൽ സേവന സംയുക്ത സംരംഭങ്ങളിലും കമ്പനിക്ക് പങ്കാളിത്തമുണ്ട്.

അമേരിക്കൻ കപ്പൽനിർമാണ, സമുദ്ര വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കോസ്‌കോ ഉൾപ്പെടെയുള്ള ചൈനീസ് ഷിപ്പിങ് കമ്പനികൾക്ക് കോടിക്കണക്കിന് ഡോളർ തുറമുഖ ഫീസ് ചുമത്താൻ ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം പദ്ധതിയിട്ടിരുന്നു.എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് വ്യാപാരയുദ്ധത്തിലെ സംഘർഷം ഒരു വർഷത്തേക്ക് കുറയ്ക്കാനുള്ള ധാരണയിലെത്തിയതോടെ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചു. ഈ ധാരണ നവംബറിൽ അവസാനിക്കും. ധാരണ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സെപ്റ്റംബറിൽ ട്രംപും ഷി ജിൻപിങ്ങും തമ്മിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ പ്രധാന വിഷയമായേക്കുമെന്നാണ് റിപ്പോർട്ട്.

US says China uses ‘concealed equipment’ on COSCO ships to spy on military communications: Report

More Stories from this section

family-dental
witywide