
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികൾ നോട്ടീസ് നൽകി. കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തിൽ 73 എംപിമാർ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് സമർപ്പിച്ചു. ഭരണഘടനയുടെ 324 (5), 124 (4) അനുച്ഛേദങ്ങൾ പ്രകാരം ഇംപീച്ച്‌മെന്റ് നടപടികൾക്ക് സമാനമായ നീക്കമാണ് പ്രതിപക്ഷം നടത്തിയിരിക്കുന്നത്. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കാനുള്ള പ്രമേയമായാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
2026 മാർച്ച് 15-ന് ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളുമാണ് പ്രതിപക്ഷം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഗ്യാനേഷ് കുമാറിനെതിരെ നിഷേധിക്കാനാവാത്ത ഒമ്പതോളം കുറ്റങ്ങൾ രേഖാമൂലം സമർപ്പിച്ചിട്ടുണ്ടെന്ന് ജയറാം രമേശ് വ്യക്തമാക്കി. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വേണ്ടി ഏകപക്ഷീയമായി പ്രവർത്തിക്കുന്ന ഒരാൾ കമ്മീഷണർ സ്ഥാനത്ത് തുടരുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം നീക്കം കടുപ്പിച്ചത്. ബിജെപി നേതാക്കളുടെ ചട്ടലംഘനങ്ങൾ കമ്മീഷൻ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും പ്രതിപക്ഷത്തിന് നേരെ മാത്രം നടപടിയെടുക്കുന്നുവെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നീങ്ങുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Opposition MPs move notice in Rajya Sabha to remove CEC Gyanesh Kumar over alleged bias














