
ന്യൂഡൽഹി: ആവശ്യമായ അനുമതികളില്ലാതെ രാജ്യത്ത് നിയമവിരുദ്ധമായി വിൽക്കുന്ന രണ്ട് പാകിസ്താൻ നിർമിത സൗന്ദര്യവർധക ബ്രാൻഡുകൾക്കെതിരെ കടുത്ത ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ. മനുഷ്യശരീരത്തിന് അങ്ങേയറ്റം ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾ വിപണിയിലെത്തിക്കുന്ന ബ്രാൻഡുകൾക്കെതിരെയാണ് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) പൊതുജനാരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
പാകിസ്താനിലെ ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോരി കോസ്മെറ്റിക്സ് നിർമിക്കുന്ന ‘ഗോരി ബ്യൂട്ടി ക്രീം’, എസ്.ജെ എന്റർപ്രൈസസിന്റെ ‘ചാന്ദ്‌നി വൈറ്റനിംഗ് ക്രീം’ എന്നിവയ്‌ക്കെതിരെയാണ് നടപടി.
ഇന്ത്യയിൽ വിൽക്കുന്നതിനായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DCGI) യാതൊരുവിധ ഇറക്കുമതി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഈ ഉൽപ്പന്നങ്ങൾക്ക് ലഭിച്ചിട്ടില്ല. എന്നാൽ വിപണിയിലും ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ തുടങ്ങിയ പ്രമുഖ ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമുകളിലും ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന വ്യാജ ലേബലൊട്ടിച്ചാണ് ഇവ വ്യാപകമായി വിറ്റഴിക്കുന്നതെന്ന് അധികൃതർ കണ്ടെത്തി.
ഈ ക്രീമുകളിൽ മനുഷ്യശരീരത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന മെർക്കുറി, ലെഡ് തുടങ്ങിയ മാരക വിഷാംശമുള്ള ഹെവി മെറ്റലുകൾ അനുവദനീയമായ പരിധിയിലും അധികമായി അടങ്ങിയിട്ടുണ്ടെന്ന് പരിശോധനകളിൽ വ്യക്തമായി. താൽക്കാലികമായി ചർമ്മത്തിന് വെളുപ്പ് നിറം നൽകുമെങ്കിലും, ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുന്ന ഈ വിഷലോഹങ്ങൾ വൃക്കകളെ ഗുരുതരമായി ബാധിക്കുമെന്നും ചർമ്മ രോഗങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുമ്പോൾ അതിൽ നിർമാതാവിന്റെ വിവരങ്ങൾ, ബാച്ച് നമ്പർ, കാലാവധി, കൃത്യമായ ഇന്ത്യൻ ഇറക്കുമതി രജിസ്ട്രേഷൻ നമ്പർ എന്നിവ ഉണ്ടെന്ന് ഉപഭോക്താക്കൾ ഉറപ്പുവരുത്തണം. ഇത്തരം അനധികൃത ഉൽപ്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡ്രഗ്സ് കൺട്രോളർ വിഭാഗത്തെ വിവരമറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Pakistani beauty creams bearing fake ‘Made in India’ labels are in the market; the Centre has warned against buying or using them.













