
ഫിന്നി രാജു, ഹ്യൂസ്റ്റൺ
കാലിഫോർണിയ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ പ്രസിഡന്റും പ്രമുഖ പെന്തെക്കോസ്ത് ആത്മീയ നേതാവുമായ പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാം (74) അന്തരിച്ചു. നവംബർ 4 ബുധനാഴ്ച അമേരിക്കയിലെ കാലിഫോർണിയയിലായിരുന്നു അന്ത്യം. ഐപിസി സ്ഥാപകൻ പാസ്റ്റർ കെ. ഇ. ഏബ്രഹാമിന്റെ കൊച്ചുമകനും പാസ്റ്റർ ടി. എസ്. ഏബ്രഹാമിന്റെ മകനുമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സഭാവിഭാഗങ്ങളിലൊന്നായ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയ്ക്ക് ലോകമെമ്പാടുമായി 12,000-ത്തിലധികം പ്രാദേശിക സഭകളുണ്ട്. ഇന്ത്യ, വടക്കേ അമേരിക്ക എന്നിവിടങ്ങൾക്കു പുറമേ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും ഐപിസി സഭകൾ പ്രവർത്തിച്ചുവരുന്നു.
ഇന്ത്യ ഗോസ്പൽ ഔട്ട്റീച്ചിന്റെ (ഐജിഒ) സ്ഥാപകനും പ്രസിഡന്റുമായിരുന്ന അദ്ദേഹം ഇന്ത്യ ബൈബിൾ കോളജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റായും പ്രവർത്തിച്ചുവരികയായിരുന്നു. 1984 മുതൽ ഇന്ത്യയിലുടനീളം സഭാസ്ഥാപന, സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സുവിശേഷകർ, മിഷനറിമാർ, സഭാനേതാക്കൾ എന്നിവരെ പരിശീലിപ്പിക്കുന്നതിനും ബൈബിൾ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും നേതൃത്വം നൽകി.2006 മുതൽ 2013 വരെ ഐപിസി ജനറൽ സെക്രട്ടറിയായിരുന്നു. 2019-ൽ ജനറൽ പ്രസിഡന്റായി ചുമതലയേറ്റു.
കാലിഫോർണിയയിൽ 1987-ൽ സ്ഥാപിതമായ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ (ഐസിഎ) സ്ഥാപകനും സീനിയർ പാസ്റ്ററുമായിരുന്നു. 1982-ൽ ഭാര്യ ലാലി ഏബ്രഹാമിനൊപ്പം തെക്കൻ കാലിഫോർണിയയിലെ ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ ആരംഭിച്ച പ്രാർഥനാ കൂട്ടായ്മകളിലൂടെയായിരുന്നു അമേരിക്കയിലെ ശുശ്രൂഷയുടെ തുടക്കം.
ഭാര്യ: ലാലി ഏബ്രഹാം. മക്കൾ: സ്നേഹ, ആൻ, സന്തോഷ്, ആഷ. സഹോദരിമാർ: ആനി ജേക്കബ് (ഇന്ത്യ), സ്റ്റാർല ലൂക്ക് (ഇന്ത്യ), ഷേർലി ചാക്കോ (യുഎസ്എ). സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട്.
Pastor Dr. T. Valsan Abraham, General President and spiritual leader of the India Pentecostal Church of God, passed away in California.














