
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെതിരെ ലൈംഗിക അതിക്രമത്തിന് സിവിൽ കേസ് നൽകിയ പ്രമുഖ എഴുത്തുകാരി ഇ. ജീൻ കരോളിനെതിരെ യു.എസ് നീതിന്യായ വകുപ്പ് (DOJ) ക്രിമിനൽ അന്വേഷണം ആരംഭിച്ചു. ട്രംപിനെതിരെയുള്ള നിയമപോരാട്ടത്തിനിടെ കോടതിയിൽ കള്ളസാക്ഷ്യം നൽകിയെന്ന ആരോപണത്തിലാണ് കരോളിനെതിരെ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ഇല്ലിനോയിസ് ഡിസ്ട്രിക്റ്റിലെ യു.എസ് അറ്റോർണി ആൻഡ്രൂ എസ്. ബൗട്രോസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ട്രംപിൻ്റെ മുൻ അഭിഭാഷകനും നിലവിലെ ആക്ടിംഗ് അറ്റോർണി ജനറലുമായ ടോഡ് ബ്ലാഞ്ച് മുൻപ് ഈ കേസിൻ്റെ ഭാഗമായിരുന്നതിനാൽ അന്വേഷണ നടപടികളിൽ നിന്നും സ്വയം മാറിനിന്നിട്ടുണ്ട്.
വിവാദത്തിന് പിന്നിൽ ശതകോടീശ്വരൻ്റെ ഫണ്ടിംഗ് 2022-ൽ ട്രംപിനെതിരെയുള്ള കേസ് നടക്കുന്നതിനിടയിൽ, തൻ്റെ നിയമപരമായ ചെലവുകൾക്കായി പുറത്തുനിന്നുള്ള ആരുടെയും സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടില്ലെന്ന് കരോൾ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ട്രംപിൻ്റെ കടുത്ത വിമർശകനും ലിങ്ക്ഡ്ഇൻ സഹസ്ഥാപകനുമായ ശതകോടീശ്വരൻ റീഡ് ഹോഫ്മാൻ കരോളിൻ്റെ കോടതിച്ചെലവുകൾക്കായി വലിയ തുക നൽകിയതായി പിന്നീട് കോടതി രേഖകളിലൂടെ പുറത്തുവന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന കണ്ടെത്തലാണ് ഇപ്പോൾ കരോളിനെതിരെയുള്ള ക്രിമിനൽ അന്വേഷണത്തിലേക്ക് നയിച്ചത്.
1990-കളുടെ മധ്യത്തിൽ ഡോണൾഡ് ട്രംപ് തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു കരോളിൻ്റെ പരാതി. ഈ സിവിൽ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തുകയും കരോളിന് 88.3 മില്യൺ ഡോളർ (ഏകദേശം 740 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. നിലവിലെ ക്രിമിനൽ അന്വേഷണം കരോളിന് തിരിച്ചടിയായാൽ അത് മുൻ കോടതി വിധിയെ എങ്ങനെ ബാധിക്കുമെന്നാണ് നിയമലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
Perjury in Trump case: US Justice Department launches criminal investigation against E. Jean Carroll















