
തിരുവനന്തപുരം: വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിലുണ്ടായ വിനോദസഞ്ചാര ബോട്ടപകടത്തിൽ മരണപ്പെട്ട കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസിൻ്റെയും ഭാര്യ ലൗനി തോമസിൻ്റെയും ഭൗതികശരീരങ്ങൾ നാട്ടിലെത്തിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, സി.പി. ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു. വിയറ്റ്നാമിൽ നിന്ന് മുംബൈ വഴി പ്രത്യേക എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്.
കൊട്ടാരക്കര കിഴക്കേക്കര കൃപാനഗർ ‘ആവിയോട്ട് ഹൗസിൽ’ എ.സി. തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരാണ് കഴിഞ്ഞ ശനിയാഴ്ച വിയറ്റ്നാമിലുണ്ടായ ദാരുണമായ ബോട്ടപകടത്തിൽ മരണപ്പെട്ടത്. കൊട്ടാരക്കരയിലെ പ്രമുഖ മെഡിക്കൽ വ്യവസായിയും വിക്ടറി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറുമാണ് എ.സി. തോമസ് (ജോമോൻ). ജൂലൈ 7-നാണ് ഇരുവരും മറ്റ് വിനോദസഞ്ചാരികൾക്കൊപ്പം വിയറ്റ്നാം യാത്രയ്ക്കായി പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഫു ക്വോക്ക് ദ്വീപിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 32 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ 36 പേർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ ആകെ 15 ഇന്ത്യൻ സഞ്ചാരികൾക്ക് ജീവൻ നഷ്ടമായി.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെയും വിയറ്റ്നാമിലെ ഇന്ത്യൻ എംബസിയുടെയും നോർക്ക അധികൃതരുടെയും അടിയന്തര ഇടപെടലിലൂടെയാണ് മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. യാത്രാച്ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് എത്തിച്ച ഭൗതികശരീരങ്ങൾ ആംബുലൻസ് മാർഗ്ഗം കൊട്ടാരക്കരയിലെ വസതിയിലേക്ക് കൊണ്ടുപോയി. പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും.
Vietnam boat accident: Jomon and Launi bring tears to Kottarakkara’s eyes; Bodies brought home















