
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കലുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളുടെ രേഖാമൂലമുള്ള വിയോജിപ്പ് മറികടന്നാണ് ചീഫ് ഇലക്ഷൻ കമ്മീഷണർ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അഡ്വ. ചന്ദ് ഖുറേഷി മുഖേന അഡ്വ. ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി നൽകിയത്.
ഇലക്ഷൻ കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെ അനുമതിയില്ലാതെയാണ് വോട്ടർപട്ടിക സോഫ്റ്റ്‌വെയറിലെ മാറ്റങ്ങളും, പുതിയ വോട്ടർമാർക്കുള്ള ഫോം 6-ലെ ഭേദഗതികളും ഗ്യാനേഷ് കുമാർ നടപ്പാക്കിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഭൂരിപക്ഷാഭിപ്രായത്തിന് വിരുദ്ധമായി എടുത്ത ഇത്തരം തീരുമാനങ്ങൾ ഭരണഘടനാ വിരുദ്ധവും റദ്ദാക്കപ്പെടേണ്ടതുമാണെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
അതിനിടെ, മഹാരാഷ്ട്രയിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാർ പുറപ്പെടുവിച്ച 14 ഉത്തരവുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിലും രണ്ട് ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. അർഹരായ വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് തടയണമെന്നും, നിലവിൽ നീക്കം ചെയ്ത വോട്ടർമാരെ തിരികെ ഉൾപ്പെടുത്തി നിയമപരമായ വോട്ടർപട്ടിക തയാറാക്കണമെന്നുമാണ് ആവശ്യം.
വിഷയത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തെരഞ്ഞെടുപ്പ് പാനലിലെ ഭൂരിപക്ഷ തീരുമാനങ്ങളെ അട്ടിമറിച്ച സി.ഇ.സി-യുടെ നടപടിയിൽ അടിയന്തരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
PIL filed in Supreme Court against Chief Election Commissioner














