
കൊച്ചി മഹാരാജാസ് കോളേജിൽ ബിരുദ വിതരണ ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പ്രസംഗം തടസ്സപ്പെടുത്തി ചടങ്ങ് അലങ്കോലമാക്കിയെന്ന സംഭവത്തിൽ രണ്ട് എസ്.എഫ്.ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെ 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കോളേജ് കൗൺസിൽ യോഗം വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സസ്പെൻഷനിൽ പ്രതിഷേധിച്ചാണ് മഹാരാജാസിലെ എസ്.എഫ്.ഐ നേതാക്കൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വേദിയിൽ കയറി ചോദ്യം ചെയ്തത്. സ്റ്റേജിൽ കയറി മന്ത്രിയോട് കയർത്തതും ബിരുദ വിതരണ ചടങ്ങ് തടസ്സപ്പെടുത്തിയതും ഗുരുതരമായ അച്ചടക്ക ലംഘനമായാണ് കോളേജ് കൗൺസിൽ വിലയിരുത്തിയത്. വേദിയിൽ കയറി മന്ത്രിയോട് ചോദ്യം ചോദിച്ച നഫീസത്തുൽ മിസ്രിയയ്ക്കും പ്രതിഷേധത്തിന് നേതൃത്വം നൽകിയ പ്രണീൽ രാജിനുമെതിരെ കടുത്ത നടപടിയെടുക്കാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു.
സസ്പെൻഷൻ പ്രഖ്യാപനത്തിന് പിന്നാലെ മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനം നടന്നു. കോളേജ് അധികൃതരുടെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ മുന്നറിയിപ്പ് നൽകി. സസ്പെൻഷൻ എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കടുപ്പിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് അടക്കമുള്ള നേതാക്കൾ വ്യക്തമാക്കി.
Protest During Minister Roji M John Speech at Maharajas College: 2 SFI Leaders Suspended; SFI Warns of Statewide Agitation















