മെസിയെ എത്തിക്കാമെന്ന പേരിലെ സാമ്പത്തിക തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ കമ്പനിക്കുമെതിരെ കേസെടുത്ത് ഇഡി; എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ആന്‍റോയുടെ ഹർജി

കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (പി.എം.എൽ.എ) ഇ.ഡി കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. മെസിയെ കൊണ്ടുവരാൻ വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം, സാമ്പത്തിക ലാഭം നേടിയവർ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ ഇ.ഡി അന്വേഷണത്തിന്റെ പരിധിയിൽ വരും.

കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം യാതൊരു കരാറും ഇല്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വിട്ടുനൽകിയതിലെ സാമ്പത്തിക ഇടപാടുകളും ഏജൻസി പരിശോധിക്കും. സ്റ്റേഡിയം കൈമാറുമ്പോൾ നൽകേണ്ട 5 കോടി രൂപയുടെ കരുതൽ ധനം അടയ്ക്കണമെന്ന ചട്ടം ഇവിടെ ലംഘിക്കപ്പെട്ടിരുന്നു. സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ സംശയം. നേരത്തെ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഓഫീസിൽ നിന്ന് വിദേശ കറൻസി പിടിച്ചെടുത്തിരുന്നെങ്കിലും അതിന്റെ ഉറവിടം വ്യക്തമാക്കാൻ ആന്റോ അഗസ്റ്റിന് കഴിഞ്ഞിരുന്നില്ല. ഈ വിവരങ്ങളും പോലീസിൽ നിന്ന് ഇ.ഡി ശേഖരിച്ചിട്ടുണ്ട്.

ഇ.ഡി കേസ് രജിസ്റ്റർ ചെയ്യുന്നതിന് തൊട്ടുമുമ്പ്, കേസിനാധാരമായ പോലീസ് എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന് നികത്താനാകാത്ത നഷ്ടമോ മാനഹാനിയോ ഉണ്ടായതിന് എഫ്.ഐ.ആറിൽ തെളിവില്ലെന്നും, കരാർ ലംഘനമുണ്ടെങ്കിൽ തന്നെ അതിൽ സർക്കാരോ പൊതുജനങ്ങളോ കക്ഷിയല്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം. സ്റ്റേഡിയം കൈമാറുമ്പോൾ 5 കോടി രൂപയുടെ ഡെപ്പോസിറ്റ് ഇളവ് നൽകിയത് സർക്കാർ ഉത്തരവിലൂടെയല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേസിൽ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം തേടിയ കോടതി, ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. അതേസമയം, ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഓഫീസുകളിൽ പരിശോധന നടത്താനും എം.ഡി ആന്റോ അഗസ്റ്റിനെ നേരിട്ട് വിളിപ്പിച്ചു ചോദ്യം ചെയ്യാനും സാധ്യതയേറെയാണ്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക നടപടികളിലേക്ക് ഇ.ഡി കടക്കുമെന്നാണ് സൂചന.

ED Registers Case Against Anto Augustin and Reporter Company Over Lionel Messi Financial Scam; Anto Approaches High Court to Quash FIR

More Stories from this section

family-dental
witywide