കേരളത്തിലും പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നുവെന്ന് സംശയം, പരാതിക്ക് പിന്നാലെ പമ്പുകളിൽ വ്യാപക പരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കർണാടകയിലെ ഇന്ധന പമ്പുകളിൽ അനുവദനീയമായതിലും അധികമായി എഥനോൾ കലർത്തിയ പെട്രോൾ വിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കേരളത്തിലും പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പൊതുവിതരണ-ഉപഭോക്തൃകാര്യ മന്ത്രി അനൂപ് ജേക്കബാണ് കമ്മീഷണർക്ക് പരിശോധനയ്ക്കുള്ള നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

സംസ്ഥാനത്തെ പ്രധാന ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചായിരിക്കും പ്രാഥമിക പരിശോധന നടത്തുക. കേരളത്തിൽ നിലവിൽ ഇത്തരത്തിൽ അളവിൽ കൂടുതൽ എഥനോൾ കലർത്തുന്നതായി പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും മുൻകരുതൽ നടപടിയെന്ന നിലയിലാണ് പരിശോധന ശക്തമാക്കുന്നത്. പരിശോധനയിൽ മായം കലർത്തിയത് കണ്ടെത്തിയാൽ കമ്പനികൾക്കും പമ്പുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

2005-ലെ കേന്ദ്ര മോട്ടോർ സ്പിരിറ്റ് ഹൈ സ്പീഡ് ഡീസൽ തടയൽ നിയമപ്രകാരം സംസ്ഥാനം 2014-ൽ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് പൊതുവിതരണ കമ്മീഷണർ മുതൽ താലൂക്ക് സപ്ലൈ ഓഫീസർമാർ വരെയുള്ളവർക്ക് പമ്പുകളിൽ പരിശോധന നടത്താനും സാമ്പിളുകൾ പിടിച്ചെടുക്കാനും നിയമപരമായ അധികാരമുണ്ട്. കേന്ദ്ര സർക്കാർ എഥനോൾ പരിധി പരമാവധി 20 ശതമാനമായി നിശ്ചയിച്ചിരിക്കെയാണ് അയൽസംസ്ഥാനത്ത് അട്ടിമറി കണ്ടെത്തിയത്.

കർണാടകയിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷദ് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രമുഖ ഇന്ധന കമ്പനികളുടെ പെട്രോളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ വിഷയം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം ഏറ്റെടുത്ത് വാർത്തയാക്കിയതോടെ ദേശീയ ശ്രദ്ധ നേടി. അതേസമയം, കേന്ദ്ര പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും കർണാടക സർക്കാരിന്റെ പരിശോധനാ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ആരോപണങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്.

Excess Ethanol Blending Suspected: Kerala Government Orders Widespread Inspection of Petrol Pumps

More Stories from this section

family-dental
witywide