ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വം, വിജയ്ക്ക് ആശംസകളുമായി പിണറായി; മതനിരപേക്ഷത ഉയർത്തിപ്പിടിക്കുമെന്ന് പ്രത്യാശ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ടിവികെ. നേതാവ് വിജയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണെന്നും, തമിഴ്നാട്ടിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നിവ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കേരളവും തമിഴ്നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണെന്നും, ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനുമായി ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിലായിരുന്നു ചടങ്ങുകൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടി തൃഷയും ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിസ്ഥാനത്തോടൊപ്പം ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളും വിജയ് കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.

More Stories from this section

family-dental
witywide