പിണറായിയുടെ ഏകാധിപത്യ ശൈലിയും എം വി ഗോവിന്ദൻ്റെ ധാർഷ്ട്യവും തിരിച്ചടിയായി, പാർട്ടി തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും

കണ്ണൂർ: തിരഞ്ഞെടുപ്പിലെ പാർട്ടിയുടെകനത്ത തോൽവിയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. ഓരോ അംഗത്തിനും തുറന്നുപറയാൻ സാഹചര്യമുണ്ടെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തിൻ്റെ പിൻബലത്തിൽ തുറന്നുപറയാൻ മടിച്ചിരുന്നവർപോലും മുന്നോട്ടുവന്ന് കാര്യകാരണങ്ങൾ സഹിതം വിമർശിച്ചു.

യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ.ബേബിയുടെയും പിണറായി വിജയന്റെയും എം.വി.ഗോവിന്ദന്റെയും പേര് എടുത്തുപറഞ്ഞും നേതാക്കളുടെ പൊതുവീഴ്ചകൾ എണ്ണിപ്പറഞ്ഞും അംഗങ്ങൾ വിമർശനത്തിന്റെ കെട്ടഴിച്ചു. എം.എ.ബേബിക്കെതിരേ രൂക്ഷമായ വിമർശനമാണുണ്ടായത്. ഭരണവിരുദ്ധ വികാരമില്ല, പിണറായി വിരുദ്ധമായി യാതൊന്നും സംഭവിച്ചില്ല തുടങ്ങിയ പ്രസ്താവനകൾ അംഗങ്ങൾ ചോദ്യംചെയ്തു‌. കൂട്ടായ നേതൃത്വമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് മാത്രം ഉത്തരവാദിത്വമില്ലെന്ന ബേബിയുടെ പ്രസ്താവനയ്ക്കെതിരേയും വിമർശനം ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലി ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. പാർട്ടി എപ്പോൾ തോറ്റാലും നടത്തുന്ന ന്യായീകരണങ്ങൾ അരോചകമാകുന്നു. അടിത്തറ തകർന്നിട്ടില്ല, മറുപക്ഷത്തിന് വോട്ട് കൂടിയില്ല തുടങ്ങിയ പ്രസ്‌താവനകൾ ശരിയല്ല. കൃത്യമായ, വസ്‌തുതാപരമായ വിശകലനം നടത്താൻ നേതാക്കൾ തയ്യാറാകണം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കാണുമ്പോഴുള്ള ധാർഷ്ട്യം നിറഞ്ഞ വാക്കുകളും ശരീരഭാഷയും ലക്ഷങ്ങൾ കാണുന്നു. അത് പ്രവർത്തകരിലും അനുഭാവികളിലും അവമതിപ്പുണ്ടാക്കിയതായും അംഗങ്ങൾ പറഞ്ഞു.

പാർട്ടിക്ക് അടിയൊഴുക്ക് കണ്ടെത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. പാർട്ടി തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും -അതാണ് പാർട്ടി കോട്ടകളിൽ കണ്ടതെന്നും വിമർശനമുയർന്നു. വെള്ളിയാഴ്ച സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ചർച്ചചെയ്‌തതിന് പിന്നാലെയാണ് ശനിയാഴ്‌ച ജില്ലാ കമ്മിറ്റി ചേർന്നത്. ഞായറാഴ്‌ചയും യോഗം തുടരും. യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.കെ.ശൈലജ, പി.കെ. ശ്രീമതി, ഇ.പി.ജയരാജൻ, എം.വി.ജയരാജൻ, പി.ജയരാജൻ, പി.ശശി, എ.എൻ.ഷംസീർ തുടങ്ങിയവർ പങ്കെടുത്തു.

Pinarayi’s dictatorial style and MV Govindan’s arrogance have backfired, if the party does not correct itself, the ranks will correct it.

More Stories from this section

family-dental
witywide