
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) ലാൻഡിംഗിനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ തുടർന്ന് സമീപത്തെ വീടിൻ്റെ മേൽക്കൂര തകർന്നു വീണു. നെടുമ്പാശ്ശേരി അത്താണിയിൽ ഇന്ന് രാവിലെ 8:15 ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വിമാനം കടന്നുപോയപ്പോഴുണ്ടായ ശക്തമായ വായുസമ്മർദ്ദത്തിലും കാറ്റിലും പെട്ട് ആലുവ സ്വദേശി സൈമൺ കാട്ടുപറമ്പിലിന്റെ വീടിൻ്റെ ഓടുകളാണ് വൻ ശബ്ദത്തോടെ താഴേക്ക് പതിച്ചത്.
അപകട സമയം സൈമണും ഭാര്യയും വീടിനുള്ളിൽ ഉണ്ടായിരുന്നു. മുകളിൽ നിന്ന് പൊട്ടിവീണ ഓടുകളിലൊന്ന് തോളിൽ പതിച്ച് വീട്ടുടമയായ സൈമണ് പരിക്കേറ്റിട്ടുണ്ട്. ഗൾഫ് എയർവേസ് വിമാനമാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ താഴ്ന്നുപറന്നതെന്നാണ് പ്രാഥമിക വിവരം. വിമാനത്താവള റൺവേയ്ക്ക് തൊട്ടടുത്തുള്ള ഈ പ്രദേശത്ത് വിമാനം താഴ്ന്നുപോയത് വലിയ രീതിയിലുള്ള കാറ്റും ശബ്ദവുമാണ് ഉണ്ടാക്കിയത്. പ്രദേശവാസികളെ ആകെ ഭീതിയിലാഴ്ത്തിയ ഈ ഗുരുതര സുരക്ഷാ വീഴ്ചയെക്കുറിച്ച് വിമാനത്താവള അധികൃതരെ അറിയിച്ചെന്ന് കുടുംബം വ്യക്തമാക്കി.
Plane crashes while landing in Nedumbassery; roof of house collapses, homeowner injured















