സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി, മോദി ലോകനേതാവെന്ന് സ്ലൊവാക്യൻ പ്രധാനമന്ത്രി, സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നടത്തിയ വിജയകരമായ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിർമ്മിത ബുദ്ധി (AI), സൈബർ സുരക്ഷ തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ഉറപ്പാക്കാൻ ചർച്ചയിൽ ധാരണയായി. സ്ലൊവാക്യൻ കമ്പനികളുടെ ഇന്ത്യയിലേക്കുള്ള വരവ് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു മികച്ച ‘ലോകനേതാവ്’ എന്നാണ് സ്ലൊവാക്യൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

നയതന്ത്രതലത്തിൽ ഉഭയകക്ഷി സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. 1993-ൽ സ്വതന്ത്ര രാഷ്ട്രമായി രൂപീകൃതമായതിന് ശേഷം സ്ലൊവാക്യ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി എത്തിയത്. സ്ലൊവാക്യയിൽ എത്തിയ മോദിയ്ക്ക് ആചാരപരമായ ഊഷ്മള വരവേൽപ്പാണ് രാജ്യം നൽകിയത്. സ്ലൊവാക്യൻ കലാകാരന്മാർ ഇന്ത്യയുടെ ദേശീയ ഗാനവും വന്ദേമാതരവും അവതരിപ്പിച്ചാണ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, യൂറോപ്യൻ യൂണിയനിലെ പ്രധാന അംഗമായ സ്ലൊവാക്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ അധ്യായം തുറക്കുന്നത് ഇന്ത്യക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. സ്ലൊവാക്യൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം നാളെ ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി തിരിക്കും. സാമ്പത്തിക-സാങ്കേതിക മേഖലകളിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PM Modi Invites Slovak Companies to India; Slovakia PM Robert Fico Hails Him as a Global Leader as Nations Sign Key Pacts

Also Read

More Stories from this section

family-dental
witywide