സംസ്ഥാനത്ത് വൈദ്യുതി വാങ്ങാൻ ജിഎൻഎയുമായി (GNA) കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കെഎസ്ഇബി കരാർ ഉണ്ടാക്കിയാൽ മാത്രമല്ലേ അതിൽ നിന്നും പിൻവാങ്ങാൻ സാധിക്കൂ എന്ന് ചോദിച്ച അദ്ദേഹം, കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് വാര്‍ത്തകൾ വരുന്നതെന്നും ആരോപിച്ചു. വൈദ്യുതി മന്ത്രി അയച്ച ഫയൽ മുന്നിലെത്തിയപ്പോൾ 14.50 രൂപയ്ക്ക് വൈദ്യുതി നൽകുന്ന ഹിമാചലിന്റെ കരാറും 8.63/8.90 രൂപയ്ക്ക് വൈദ്യുതി നൽകുന്ന ജിഎൻഎ കരാറുമാണ് ഉണ്ടായിരുന്നത്. ഇതിൽ ജിഎൻഎ ആയിരുന്നു മികച്ച ഓപ്ഷനെങ്കിലും കരാറിൽ ഒപ്പിട്ടിരുന്നില്ലെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുതി ആവശ്യമില്ലെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവന നൂറു ശതമാനം ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വരുന്ന മാസങ്ങളിൽ വൈദ്യുതി ആവശ്യം വർധിക്കും. മുൻകൂട്ടിയുള്ള ആസൂത്രണം ഇല്ലാത്തതിനാലാണ് മുൻപ് സംസ്ഥാനത്ത് പവർക്കട്ട് ഉണ്ടാകേണ്ടി വന്നത്. വൈദ്യുതിക്ക് വിലക്കുറവുള്ള സമയങ്ങളിൽ ദീർഘകാല കരാറുകളിൽ ഏർപ്പെടാതിരുന്നതാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ വീഴ്ചയെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
കരാറിൽ ഒപ്പിട്ടില്ലെങ്കിൽ സംസ്ഥാനത്ത് ദീർഘകാല പവർക്കട്ട് ഉണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ ഫയലിൽ ഉണ്ടായിരുന്നത്. ഏത് മുഖ്യമന്ത്രിക്കും പേടി തോന്നുന്ന ആ സാഹചര്യത്തിലും കരാറിൽ ധൃതിപിടിച്ച് ഒപ്പിടാതെ വിഷയം പഠിക്കുകയാണ് സർക്കാർ ചെയ്തത്. നിലവിലെ യുഡിഎഫ് സർക്കാർ ദീർഘകാല, ഹ്രസ്വകാല കരാറുകളിലൂടെ പവർക്കട്ടിന് ശാശ്വതമായ പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.
2030-31 ആകുമ്പോഴേക്കും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിക്കും. എന്നാൽ നിലവിൽ ആവശ്യമുള്ളതിന്റെ 15 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. കഴിഞ്ഞ 10 വർഷമായി കർണാടകയും തെലങ്കാനയും സോളാർ, ബാറ്ററി ഗ്രിഡ് സാങ്കേതികവിദ്യകളിലൂടെ ബഹുദൂരം മുന്നോട്ടുപോയപ്പോഴും കേരളത്തിൽ കൃത്യമായ പ്ലാനിംഗോ ദീർഘകാല കരാറുകളോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ ഈ പാളിച്ചകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും യുഡിഎഫ് പവർക്കട്ട് ഉണ്ടാക്കിയതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.














