ഉടൻ ഇന്ത്യ വിടണം, 3 അമേരിക്കൻ പൗരന്മാർക്ക് ‘ലീവ് ഇന്ത്യ നോട്ടീസ്’ നൽകി പൊലീസ്; മതപ്രചാരണത്തിൽ ഏർപ്പെട്ടതായി കണ്ടെത്തി

പൂനെ: ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി മതപ്രചാരണത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് രാജ്യം വിടാൻ പൂനെ സിറ്റി പൊലീസ് നിർദേശം നൽകി. 53, 65, 66 വയസ്സുള്ള ഇവർ മെയ് 10നകം ഇന്ത്യ വിട്ടുപോകണമെന്ന് ‘ലീവ് ഇന്ത്യ നോട്ടീസ്’ വഴി അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 19 മുതൽ 21 വരെ വിനോദസഞ്ചാരികളായി എത്തിയ ഇവർ വിസ നിബന്ധനകൾ ലംഘിച്ച് മതപ്രവർത്തനങ്ങളിൽ പങ്കെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച പൂനെയിലെ ശുക്രവാർ പേഠ് പ്രദേശത്താണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഒരു ടാക്സി ഡ്രൈവറെ സമീപിച്ച ഇവർ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിലുള്ള ലഘുലേഖകൾ നൽകി ക്രിസ്തുമത വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചു. സംശയം തോന്നിയ ഡ്രൈവർ ഉടൻ സമീപത്തെ പൊലീസിനെ വിവരം അറിയിച്ചതോടെ ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ ലഗേജുകളിൽ നിന്ന് വലിയ തോതിൽ മതപ്രചാരണ സാമഗ്രികൾ കണ്ടെത്തി.

വിദേശികളുടെ രജിസ്ട്രേഷൻ ഓഫീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വിസ ചട്ടലംഘനം നടന്നതായി സ്ഥിരീകരിച്ചു. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് മതപ്രചാരണമോ പ്രസംഗങ്ങളോ നടത്താൻ അനുമതിയില്ലെന്ന നിയമം ലംഘിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ ആക്ട് പ്രകാരം നടപടി സ്വീകരിച്ചത്. നിർദ്ദേശിച്ച സമയത്തിനകം രാജ്യം വിടാത്ത പക്ഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide