ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യഘടകം; ചൈന എത്ര നിഷേധിച്ചാലും ഈ വസ്തുത മാറ്റാനാകില്ലെന്ന് ഇന്ത്യ

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും ഈ വസ്തുത മാറ്റാനാകില്ലെന്നും ഇന്ത്യ. ലഡാക്കിലെ 28 ഭൗമസവിശേഷതകൾക്കും സ്ഥലങ്ങൾക്കും ഔദ്യോഗികമായി പേരുകൾ നൽകിയ ഇന്ത്യയുടെ നടപടിയെ ചൈന എതിർത്തതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് ആവർത്തിച്ചത്. ലഡാക്ക് കേന്ദ്രഭരണപ്രദേശം ഇന്ത്യയുടെ അവിഭാജ്യവും വേർപെടുത്താനാകാത്തതുമായ ഭാഗമാണ്. ചൈനയുടെ ഭാഗത്തുനിന്നുള്ള എത്ര നിഷേധങ്ങൾക്കും ഈ വസ്തുത മാറ്റാനാകില്ല എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ലഡാക്കിലെ 28 സ്ഥലങ്ങൾക്കും ഭൗമസവിശേഷതകൾക്കും ഔദ്യോഗിക ഭൂപടത്തിൽ പേരുകൾ രേഖപ്പെടുത്തിയ നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം സ്വയം വിശദീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ 28 സ്ഥലങ്ങൾക്കും ഭൗമസവിശേഷതകൾക്കും സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ അംഗീകൃത പേരുകൾ നൽകിയതായി ഒക്ടോബർ രണ്ടിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ലഡാക്ക് ഭരണകൂടവുമായും പ്രാദേശിക പങ്കാളികളുമായും കൂടിയാലോചിച്ചാണ് നടപടി സ്വീകരിച്ചത്. ഈ സ്ഥലങ്ങളെ കൃത്യമായി തിരിച്ചറിയാനും അവയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധം വർധിപ്പിക്കാനുമാണ് നടപടിയെന്ന് ജയ്‌സ്വാൾ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയ ലക്ഷ്യങ്ങൾ അദ്ദേഹം ആവർത്തിച്ചു.

അതേസമയം, ലഡാക്ക് എന്ന പേരിലുള്ള കേന്ദ്രഭരണപ്രദേശത്തെ ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും സ്ഥലങ്ങൾക്ക് ഏകീകൃത പേരുകൾ നൽകാനുള്ള ഇന്ത്യയുടെ നീക്കം “നിയമവിരുദ്ധവും അസാധുവുമാണെന്നും” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ നടപടിയിലൂടെ ചൈന-ഇന്ത്യ അതിർത്തിയുടെ പടിഞ്ഞാറൻ മേഖലയിലെ നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകില്ലെന്നും മാവോ നിങ് അവകാശപ്പെട്ടു.

ഈ പ്രദേശത്തെ ചില ഭൂവിഭാഗങ്ങളിൽ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യ ഔദ്യോഗികമായി പേരുകൾ നൽകിയ 28 ഭൗമസവിശേഷതകളിൽ പത്ത് കൊടുമുടികൾ, രണ്ട് ചുരങ്ങൾ, മൂന്ന് മലകൾ, ഏഴ് ഭൂപ്രദേശങ്ങൾ, രണ്ട് ഹിമാനികൾ, രണ്ട് ജലാശയങ്ങൾ, ഒരു താഴ്‌വര, ഒരു നദി എന്നിവ ഉൾപ്പെടുന്നു.അതിർത്തിയിലെ സ്ഥലനാമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കങ്ങൾക്കിടയിലാണ് പുതിയ നീക്കം.

അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന നേരത്തേ ഏകീകൃത പേരുകൾ നൽകിയിരുന്നു. ഈ പ്രദേശത്തെ “ദക്ഷിണ ടിബറ്റ്” എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. എന്നാൽ, ചൈനയുടെ അവകാശവാദങ്ങൾ ഇന്ത്യ നിരന്തരം തള്ളിക്കളഞ്ഞിട്ടുണ്ട്. സ്ഥലങ്ങൾക്ക് പേരുകൾ നൽകുന്നതുകൊണ്ട് അവയുടെ ഭൂപ്രദേശപരമായ പദവിയിൽ മാറ്റമുണ്ടാകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

2020ൽ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) ആരംഭിച്ച സൈനിക സംഘർഷത്തെത്തുടർന്ന് നാല് വർഷത്തിലേറെ നീണ്ടുനിന്ന തർക്കങ്ങൾക്കുശേഷം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയും ചൈനയും തുടരുകയാണ്. ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിയിട്ടുണ്ട്.

Ladakh integral part of India, Chinese denial cannot change fact: MEA

More Stories from this section

family-dental
witywide