
വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തുന്ന രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും രാഷ്ട്രീയമായ ആക്രമണങ്ങൾക്കും ശാന്തമായ ഭാഷയിൽ മറുപടി നൽകി ലിയോ മാർപ്പാപ്പ. തൻ്റെ ദൗത്യം സുവിശേഷം അറിയിക്കുക എന്നതാണെന്നും സമാധാനത്തിന് വേണ്ടി സംസാരിക്കുന്നതിന് ആര് വിമർശിച്ചാലും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നതിനെ മാർപ്പാപ്പ പിന്തുണയ്ക്കുന്നു എന്ന ട്രംപിൻ്റെ പുതിയ ആരോപണമാണ് നിലവിലെ വിവാദങ്ങൾക്ക് ആധാരം. എന്നാൽ, മാർപ്പാപ്പ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും മറിച്ച് ഇറാനു മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധത്തെ എതിർക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സമാധാനത്തിനായുള്ള മാർപ്പാപ്പയുടെ ഈ നിലപാട് ട്രംപിനെ ചൊടിപ്പിക്കുകയും അദ്ദേഹം മാർപ്പാപ്പയ്‌ക്കെതിരെ നിരന്തരം സോഷ്യൽ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയും രംഗത്തെത്തുകയുമായിരുന്നു.ഈ ആഴ്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വത്തിക്കാൻ സന്ദർശിക്കാനിരിക്കെയാണ് തർക്കം മുറുകുന്നത്. വത്തിക്കാനും ഇറ്റലിയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനാണ് തൻ്റെ സന്ദർശനമെന്നും, ട്രംപും വത്തിക്കാനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനല്ല താൻ എത്തുന്നതെന്നും റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും വത്തിക്കാനുമായി ചർച്ച ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഹ്യൂ ഹെവിറ്റ് എന്ന റേഡിയോ അവതാരകനു നൽകിയ അഭിമുഖത്തിൽ മാർപ്പാപ്പ കത്തോലിക്കരെയും മറ്റു ജനങ്ങളെയും അപകടത്തിലാക്കുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മാർപ്പാപ്പയെ “കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലൻ” എന്നും “വിദേശനയത്തിൽ പരാജയം” എന്നും ട്രംപ് വിശേഷിപ്പിച്ചു. ആദ്യത്തെ അമേരിക്കൻ വംശജനായ മാർപ്പാപ്പയെ തന്നോട് വിലപേശാൻ വേണ്ടിയാണ് സഭ തിരഞ്ഞെടുത്തതെന്നും താൻ പ്രസിഡൻ്റ് ആയില്ലായിരുന്നെങ്കിൽ ലിയോ മാർപ്പാപ്പയാകില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
വിവാദങ്ങൾക്കിടെ തന്നെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന ചിത്രം ട്രംപ് പങ്കുവെച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നീട് ഇത് നീക്കം ചെയ്ത ട്രംപ്, താൻ ഒരു ഡോക്ടറാണെന്നാണ് ആ ചിത്രം കണ്ടപ്പോൾ കരുതിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞാണ് തടിതപ്പിയത്. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും ട്രംപിനെ പിന്തുണച്ച് രംഗത്തെത്തി. വത്തിക്കാൻ രാഷ്ട്രീയത്തിൽ ഇടപെടാതെ ധാർമ്മിക കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു വാൻസിൻ്റെ പ്രതികരണം. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഈ വിഷയത്തിൽ ട്രംപുമായി അകൽച്ചയിലാണ്. മധ്യപൂർവേഷ്യയിലെ യുദ്ധത്തെ വിമർശിച്ച മെലോണി മാർപ്പാപ്പയ്ക്ക് പിന്തുണ അറിയിച്ചു. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് വത്തിക്കാനിലെ യു.എസ് അംബാസഡർ ബ്രയാൻ ബർച്ച് പ്രത്യാശ പ്രകടിപ്പിച്ചു.
Pope Leo responds to Trump’s attacks; ‘My mission is to preach peace’















