വൈദ്യുതി മന്ത്രി സംസാരിക്കവേ വൈദ്യുതി നിലച്ചു; പ്രസംഗം പാതിവഴിയിൽ നിർത്തി മടങ്ങി സണ്ണി ജോസഫ്

കൊച്ചി: അപ്രഖ്യാപിത പവർകട്ടിലും ലോഡ്ഷെഡിംഗിലും കേരളം വെന്തുരുകുമ്പോൾ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിയിലും വൈദ്യുതി നിലച്ചു. കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ 18-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സംസാരിക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയത്. തുടർന്ന് മൈക്ക് ഓഫാവുകയും മന്ത്രിക്ക് പ്രസംഗം പാതിവഴിയിൽ നിർത്തേണ്ടി വരികയും ചെയ്തു.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി വൈദ്യുതി വകുപ്പിന്റെ ചുമതലയേൽക്കുന്നത് ‘മുൾക്കിരീടം’ തലയിൽ വെക്കുന്നത് പോലെയാണെന്ന് തനിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം മന്ത്രി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചിരുന്നു. പ്രതിസന്ധികൾക്കിടയിലും ആ മുൾക്കിരീടത്തെ കഠിനാധ്വാനം കൊണ്ട് ‘പൂക്കിരീടമാക്കാനുള്ള’ ആത്മാർത്ഥ ശ്രമങ്ങളാണ് താൻ നടത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു തീർന്നതിന് തൊട്ടുപിന്നാലെയാണ് ഹാളിലെ വൈദ്യുതി നിലച്ചത്.

നിലവിലെ പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണുമെന്നും ഒരു കാരണവശാലും സംസ്ഥാനത്തെ വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വൈദ്യുതി വരാനായി വേദിയിൽ അൽപ്പസമയം മന്ത്രി കാത്തുനിന്നെങ്കിലും ഒടുവിൽ സമ്മേളനം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് ഉടൻതന്നെ വേദിയിൽ നിന്ന് മടങ്ങുകയായിരുന്നു.

വേദി വിട്ടിറങ്ങിയ മന്ത്രിക്കു നേരെ വിഷയം മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, നർമ്മം കലർന്ന മറുപടിയാണ് സണ്ണി ജോസഫ് നൽകിയത്. “താൻ എപ്പോഴാണ് പ്രസംഗം അവസാനിപ്പിക്കേണ്ടതെന്ന് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാം,” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ, ഹാളിലുണ്ടായ വൈദ്യുതി തടസ്സം സംസ്ഥാനത്ത് നടക്കുന്ന വൈദ്യുതി നിയന്ത്രണത്തിന്റെയോ ലോഡ്ഷെഡ്ഡിങ്ങിന്റെയോ ഭാഗമല്ലെന്നും സാങ്കേതിക തകരാർ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടയിലും മുൻ ഇടത് സർക്കാരിനെ മന്ത്രി കുറ്റപ്പെടുത്തി. യൂണിറ്റിന് 4.29 രൂപ നിരക്കിൽ ദീർഘകാലത്തേക്ക് സംസ്ഥാനത്തിന് വൈദ്യുതി ലഭിക്കുമായിരുന്ന മുൻ യുഡിഎഫ് സർക്കാരിന്റെ കരാർ റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിട്ടും മുൻ സർക്കാർ യാതൊരുവിധ നിയമപരമായ ഇടപെടലും നടത്തിയില്ലെന്നും കഴിഞ്ഞ ഭരണകൂടം ഉണ്ടാക്കിവെച്ച അത്തരം വീഴ്ചകളാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ ഇരുട്ടിലേക്ക് തള്ളിവിട്ടതെന്നും സണ്ണി ജോസഫ് ആരോപിച്ചു.

Power went out while the Electricity Minister was speaking; Sunny Joseph stopped his speech midway and left.

More Stories from this section

family-dental
witywide