ഡബ്ലിൻ: ഹൂതി വിമതർക്കെതിരെ ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ട് സംഘം യുഎസ് ഭരണകൂടത്തെ ബന്ധപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സേനയും ഇറാൻ പിന്തുണയ്ക്കുന്ന ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.
“ഹൂതികൾ ഞങ്ങളെ വിളിച്ചു. ഞങ്ങളുമായി യുദ്ധം ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല,” അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനുമായി ഡബ്ലിനിൽ ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. അവർക്കെതിരെ ഞങ്ങൾ നടപടി സ്വീകരിക്കരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഞങ്ങൾ ഈ സംഘർഷത്തിൽ ഇടപെടാതിരിക്കുന്നതാണ് അവർക്ക് കൂടുതൽ ഇഷ്ടമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഹൂതികളും സൗദി പിന്തുണയുള്ള യെമൻ സേനയും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ മേഖലയിൽ സംഘർഷാവസ്ഥയും വർധിച്ചിട്ടുണ്ട്. ഊർജ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലേക്ക് മിസൈൽ ആക്രമണങ്ങൾക്കും പിന്നാലെയാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്.
സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ചിലർക്ക് പരുക്കേൽക്കുകയും നാശനഷ്ടമുണ്ടാകുകയും ചെയ്തതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ എണ്ണ കയറ്റുമതിയെ ആക്രമണം എത്രത്തോളം ബാധിച്ചുവെന്ന് മന്ത്രാലയം വ്യക്തമാക്കിയില്ല.തന്റെ റിസോർട്ടിൽ നടക്കുന്ന ഗോൾഫ് ടൂർണമെന്റിൽ പങ്കെടുക്കാനാണ് ട്രംപ് അയർലൻഡിലെത്തിയത്.
എണ്ണ വിതരണത്തിലെ നിർണായക പാതയായ പൈപ്പ്‌ലൈനു നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനായിരിക്കാമെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാനാണോ ആക്രമണത്തിന് ഉത്തരവാദിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “അങ്ങനെയായിരിക്കാം, ഒരുപക്ഷേ അവർ തന്നെയായിരിക്കാം” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഹൂതികൾക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യയെ സഹായിക്കണമോ എന്ന കാര്യത്തിൽ യുഎസ് ഭരണകൂടം ഇപ്പോൾ നിർണായക തീരുമാനത്തിന് മുന്നിലാണ്. നേരിട്ട് ഇടപെട്ടാൽ യെമൻ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.സൗദി കിരീടാവകാശിയും രാജ്യത്തിന്റെ യഥാർഥ ഭരണാധികാരിയുമായ മുഹമ്മദ് ബിൻ സൽമാൻ വ്യാഴാഴ്ച ട്രംപിനെ ഫോണിൽ വിളിച്ച് ഹൂതികൾക്കെതിരായ പോരാട്ടത്തിൽ യുഎസ് സൈനിക സഹായം ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇപ്പോൾ നേരിട്ട് ഇടപെടില്ലെന്നും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറി സഹായിക്കുമെന്നും യുഎസ് വ്യക്തമാക്കിയതായി മൂന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
കിരീടാവകാശിയുമായി താൻ സംസാരിച്ചിരുന്നതായി ശനിയാഴ്ച ട്രംപ് സ്ഥിരീകരിച്ചു. അതേസമയം, ഹൂതികളും തന്റെ ഭരണകൂടത്തെ ബന്ധപ്പെട്ട് സംഘർഷത്തിൽ യുഎസ് നേരിട്ട് ഇടപെടരുതെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ സൗദി പിന്തുണയുള്ള സർക്കാർ അനുകൂല സേനയുടെ കസ്റ്റഡിയിലുണ്ടായിരുന്ന 200-ലേറെ ഹൂതി അംഗങ്ങളെ വിട്ടയച്ചതായി ഹൂതികൾ ശനിയാഴ്ച അറിയിച്ചു. വടക്കൻ യെമനിലെ വലിയ പ്രദേശങ്ങൾ നേരത്തെ തന്നെ ഹൂതികളുടെ നിയന്ത്രണത്തിലായിരുന്നു. സനാ, ഹൊദൈദ തുടങ്ങിയ പ്രധാന നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞയാഴ്ച ഹൂതികൾ നടത്തിയ മുന്നേറ്റം സംഘർഷത്തിന്റെ ഗതി കൂടുതൽ മാറ്റിമറിച്ചിരുന്നു.
ഹൂതികളെ ഇറാൻ സഖ്യകക്ഷിയായി കണക്കാക്കുന്നുണ്ടെങ്കിലും അവർക്ക് സൈനിക നിർദേശങ്ങൾ നൽകുന്നുവെന്ന ആരോപണം ഇറാൻ പരസ്യമായി നിഷേധിക്കുന്നുണ്ട്.
President Donald Trump said Iran-backed Houthis have asked the US to abstain from targeting the militant group, as a worsening clash with Saudi Arabia inflames tensions in the Middle East










