
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ നാലാം വയസ്സുവരെ താമസിച്ചിരുന്ന ക്വീൻസിലെ പ്രശസ്തമായ വസതി 1.93 ദശലക്ഷം ഡോളറിന് (ഏകദേശം 16 കോടി രൂപയ്ക്ക്) വിൽപ്പന നടത്തി. വർഷങ്ങളായി ആരും പരിപാലിക്കാതെ തകർച്ചയുടെ വക്കിലായിരുന്ന ഈ വസതി വൻ തുക മുടക്കി പുതുക്കിപ്പണിത ശേഷമാണ് പുതിയ ഉടമ സ്വന്തമാക്കിയത്.
ന്യൂയോർക്കിലെ ജമൈക്ക എസ്റ്റേറ്റ്സ് എന്ന സമ്പന്ന മേഖലയിൽ 1940-ൽ ഡോണൾഡ് ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപാണ് ട്യൂഡോർ ശൈലിയിലുള്ള ഈ മനോഹര വീട് നിർമ്മിച്ചത്. വർഷങ്ങൾക്കു മുൻപ് ട്രംപ് കുടുംബം കൈമാറിയ ഈ വസ്തു കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ടോമി ലിൻ 8,35,000 ഡോളറിന് സ്വന്തമാക്കുകയായിരുന്നു. തുടർന്ന് എട്ടുമാസം കൊണ്ട് 5 ലക്ഷം ഡോളറിലധികം ചെലവഴിച്ച് ആധുനിക അടുക്കളയും അത്യാധുനിക സൗകര്യങ്ങളുമായി വീടിന്റെ അകം പൂർണ്ണമായും പുനരുദ്ധരിച്ചു.
ട്രംപ് 2017-ൽ ആദ്യമായി അമേരിക്കൻ പ്രസിഡന്റായപ്പോൾ 2.14 ദശലക്ഷം ഡോളറിന് വിറ്റഴിക്കപ്പെട്ട ഈ വീട് പിന്നീട് എയർബിഎൻബി വഴി വാടകയ്ക്ക് നൽകിയിരുന്നു. ട്രംപിന്റെ ജീവസ്സുറ്റ ചിത്രങ്ങളും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ഉൾപ്പെടുത്തി ടൂറിസ്റ്റുകൾക്കായി അന്ന് ഒരുക്കിയെങ്കിലും പിന്നീട് വീട് ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഒടുവിൽ അത്യാധുനിക രീതിയിൽ വീട് നവീകരിച്ചതോടെയാണ് പുതിയ ഉടമ വൻ തുക നൽകി ഈ ചരിത്ര വസതി സ്വന്തമാക്കിയത്.













