
ടെഹ്റാൻ: മധ്യപൂർവേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ വഷളായ ഉഭയകക്ഷി ബന്ധത്തിൽ മാറ്റം വരുത്താനും ഒരുമിച്ച് മുന്നേറാനും ഇറാനും യുണൈറ്റഡ് അറബ് എമിറേറ്റും (യുഎഇ) തീരുമാനിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വെളിപ്പെടുത്തി. ന്യൂഡൽഹിയിൽ നടന്ന ബ്രെക്സ് ഉച്ചകോടിയുടെ ഇടവേളയിൽ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഞായറാഴ്ച അദ്ദേഹം ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
പേർഷ്യൻ ഗൾഫിലുണ്ടായ സംഘർഷങ്ങൾക്കും യുദ്ധ അന്തരീക്ഷത്തിനും ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇത്തരമൊരു ഫലപ്രദമായ ചർച്ച നടക്കുന്നത്. പഴയ കാര്യങ്ങൾ മറന്ന് ഭാവി ഒന്നിച്ചു പടുത്തുയർത്താൻ കൂടിക്കാഴ്ചയിൽ ധാരണയായതായി പെസെഷ്കിയാൻ വ്യക്തമാക്കി. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ മേഖലയിലെ യു.എസ് സഖ്യകക്ഷികൾക്കെതിരെ നടത്തിയ തിരിച്ചടികൾ യു.എ.ഇയെ കാര്യമായി ബാധിച്ചിരുന്നു.
തുടർന്ന് ഓഗസ്റ്റിൽ ഇറാനുമായുള്ള സാമ്പത്തിക-വ്യാപാര ഇടപാടുകൾ നിർത്തിവെക്കാൻ യു.എ.ഇ നിർബന്ധിതരാവുകയായിരുന്നു. കടുത്ത പാശ്ചാത്യ ഉപരോധങ്ങളിൽ വലയുന്ന ഇറാന് വലിയ സാമ്പത്തിക സ്രോതസ്സായ ദുബായിൽ വൻതോതിൽ ഇറാനിയൻ വംശജർ വസിക്കുന്നുണ്ട്. അതിനാൽത്തന്നെ, ന്യൂഡൽഹിയിൽ വെച്ചുണ്ടായ ഈ നയതന്ത്ര സമവായം ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക-വ്യാപാര മേഖലകൾക്ക് പുതിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്.










