
കീവ്: യുക്രെയ്ൻ-പോളണ്ട് അതിർത്തി ഗ്രാമമായ യാഹോഡിനിൽ റഷ്യൻ ഡ്രോൺ പെട്രോൾ പമ്പിൽ പതിച്ച് വൻ തീപിടുത്തമുണ്ടായി. യൂറോപ്യൻ യൂണിയൻ, നാറ്റോ അതിർത്തിയിൽ നിന്നും ഏതാനും നൂറ് മീറ്ററുകൾ മാത്രം അകലെ നടന്ന ഈ ആക്രമണം യുദ്ധ അന്തരീക്ഷം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. അതിർത്തി കടമ്പയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിലും പരിസരത്ത് നിർത്തിയിട്ടിരുന്ന നിരവധിയായ ട്രക്കുകളിലും തീപടർന്നുപിടിച്ചു.
തുടർന്ന് യാഹോഡിൻ അതിർത്തി താത്കാലികമായി അടച്ചെങ്കിലും പിന്നീട് ഞായറാഴ്ച രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. പോളണ്ടിൽ നിന്നും സൈനിക-കാരുണ്യ സഹായങ്ങൾ യുക്രെയ്നിലേക്ക് പ്രധാനമായും എത്തിക്കുന്ന സുപ്രധാന പാതയിലാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. ഈ സംഭവം യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും വാതിലിൽ പുടിന്റെ ഭീകരത മുട്ടുന്നതിന് തുല്യമാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പ്രതികരിച്ചു.
ഇതിന് പുറമെ വോളിൻ മേഖലയിൽ അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയായി പാസഞ്ചർ ട്രെയിനിന്റെ ലോക്കോമോട്ടീവിലും റഷ്യൻ ഡ്രോൺ ആക്രമണം നടത്തി. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ മാത്രം അതിവേഗ ജെറ്റ് ഡ്രോണുകൾ ഉൾപ്പെടെ 2,000-ത്തിലധികം ഡ്രോണുകൾ ഉപയോഗിച്ച് റഷ്യൻ സൈന്യം ആക്രമണം നടത്തിയതായി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. തുടർച്ചയായ പെട്രോൾ പമ്പ് ആക്രമണങ്ങളെത്തുടർന്ന് കിയവ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഇന്ധന വിതരണ കേന്ദ്രങ്ങൾക്ക് ചുറ്റും തടസ്സ വേലികൾ സ്ഥാപിക്കാൻ കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ്.












