ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബാല്യകാലത്ത് താമസിച്ചിരുന്ന ന്യൂയോർക്ക് നഗരത്തിലെ വീട് വിറ്റു പോയത് ഏകദേശം 2 മില്യൺ ഡോളറിന്. വർഷങ്ങളോളം ഉപേക്ഷിക്കപ്പെട്ട് പൂപ്പലും തെരുവുപൂച്ചകളുമുണ്ടായിരുന്ന വീട് നവീകരിച്ച് ആധുനിക വസതിയാക്കി മാറ്റിയ ശേഷമാണ് വിൽപ്പന. ക്വീൻസിലെ ട്യൂഡർ ശൈലിയിലുള്ള ഈ വീട്ടിൽ ട്രംപ് നാലാം വയസ്സുവരെ താമസിച്ചിരുന്നു. പിതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ ഫ്രെഡ് ട്രംപാണ് 1940ൽ സമ്പന്നരുടെ താമസമേഖലയായ ജമൈക്ക എസ്റ്റേറ്റ്സിൽ വീട് നിർമിച്ചത്. വർഷങ്ങളായി ട്രംപ് കുടുംബത്തിന് ഈ വീടിന്റെ ഉടമസ്ഥതയില്ല.
ജൂലൈയിൽ പേര് പുറത്തുവിട്ടിട്ടില്ലാത്ത ഒരു വാങ്ങുന്നയാൾ വിൽപ്പന കരാറിൽ ഒപ്പുവച്ചതിനു പിന്നാലെ വെള്ളിയാഴ്ച റിയൽ എസ്റ്റേറ്റ് വെബ്സൈറ്റുകളിൽ വീടിന്റെ വിൽപ്പനവില 1.93 മില്യൺ ഡോളറായി രേഖപ്പെടുത്തി. അഞ്ച് കിടപ്പുമുറികളും മൂന്ന് ബാത്ത്റൂമുകളുമുള്ള വീട് കഴിഞ്ഞ വർഷം 835,000 ഡോളറിനാണ് ഡെവലപ്പറായ ടോമി ലിൻ വാങ്ങിയത്. വർഷങ്ങളായി ആളൊഴിഞ്ഞും പരിപാലനമില്ലാതെയും കിടന്നിരുന്ന വീടായിരുന്നു ഇത്. വീട് നവീകരിക്കുന്നതിനായി ലിൻ എട്ട് മാസത്തിനിടെ 500,000 ഡോളർ കൂടി ചെലവഴിച്ചു. ഷെഫിന്റെ കിച്ചൻ, ഹെറിങ്ബോൺ മാതൃകയിലുള്ള തറ, സ്പാ മാതൃകയിലുള്ള ബാത്ത്റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി അകത്തളങ്ങൾ പൂർണമായും നവീകരിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സമീപ വർഷങ്ങളിൽ വീട് പലതവണ ഉടമസ്ഥർ മാറിയിട്ടുണ്ട്. 2017ൽ ട്രംപ് പ്രസിഡന്റായതിന് ഏതാനും മാസങ്ങൾക്ക് ശേഷം 2.14 മില്യൺ ഡോളറിനും വീട് വിറ്റിരുന്നു. സില്ലോയുടെ കണക്കുകൾ പ്രകാരം അന്ന് വാങ്ങിയത് ‘ട്രംപ് ബർത്ത് ഹോം എൽഎൽസി’ എന്ന സ്ഥാപനമായിരുന്നു. പിന്നീട് വീട് കുറച്ചുകാലം എയർബിഎൻബിയിൽ വാടകയ്ക്ക് നൽകിയിരുന്നു. ട്രംപിന്റെ വലുപ്പത്തിലുള്ള കാർഡ്ബോർഡ് കട്ടൗട്ടുകളുടെ പകർപ്പുകൾ, അദ്ദേഹത്തിന്റെ ‘ദ ആർട്ട് ഓഫ് ദ ഡീൽ’ എന്ന പുസ്തകത്തിന്റെ കോപ്പികൾ, ട്രംപ് പ്രത്യക്ഷപ്പെട്ട പീപ്പിൾ മാസികയുടെ ഫ്രെയിം ചെയ്ത കവർ എന്നിവയും വീട്ടിൽ ഒരുക്കിയിരുന്നു.
2019ൽ 2.9 മില്യൺ ഡോളർ ആവശ്യപ്പെട്ട് വീട് വീണ്ടും വിൽപ്പനയ്ക്ക് വെച്ചെങ്കിലും വാങ്ങാൻ ആളെത്തിയില്ല. ഒടുവിൽ ലിൻ വീട് സ്വന്തമാക്കുകയായിരുന്നു. ഇതിനിടെ വീട് വലിയ തോതിൽ നശിച്ച നിലയിലായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം കയറിയും പൂപ്പൽ ബാധിച്ചും വീട് മോശം അവസ്ഥയിലായി. ട്രംപ് ബാല്യത്തിന്റെ ആദ്യ വർഷങ്ങൾ ചെലവഴിച്ച വീട്ടിൽ പിന്നീട് തെരുവുപൂച്ചകളുടെ കൂട്ടവും താമസമാക്കിയിരുന്നു.
ഇപ്പോൾ 80 വയസ്സുള്ള ട്രംപ് റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് സമ്പന്നനായത്. മാൻഹട്ടനിൽ തന്റെ പേരിലുള്ള ട്രംപ് ടവർ നിർമിക്കുകയും പതിറ്റാണ്ടുകളോളം അവിടെ താമസിക്കുകയും ചെയ്ത അദ്ദേഹം പിന്നീട് തന്റെ പ്രശസ്തിയും സമ്പത്തും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നു. പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസിലും വലിയ മാറ്റങ്ങളാണ് ട്രംപ് നടത്തുന്നത്. വൈറ്റ് ഹൗസിൽ വലിയൊരു ബോൾറൂം നിർമിക്കുന്നതിനൊപ്പം തന്റെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെയും വ്യക്തിപരമായ ശൈലിയുടെയും പ്രത്യേകതയായ സ്വർണം പൂശിയ അലങ്കാരങ്ങളും ഓവൽ ഓഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
President Trump’s childhood home sells for $2 million










