
ന്യൂയോർക്ക്: ഹോളിവുഡ് മുൻ പ്രൊഡ്യൂസർ ഹാർവി വെയ്ൻസ്റ്റൈനെതിരെ ന്യൂയോർക്കിൽ അവശേഷിച്ചിരുന്ന അവസാന ബലാത്സംഗ കേസും പ്രോസിക്യൂട്ടർമാർ ഔദ്യോഗികമായി ഒഴിവാക്കി. നടി ജെസീക്ക മാൻ നൽകിയ പരാതിയിലാണ് മാൻഹട്ടൻ കോടതി നടപടി സ്വീകരിച്ചത്. വീണ്ടുമൊരു പുനർവിചാരണ നേരിടാൻ മാനസികമായി തനിക്ക് സാധിക്കില്ലെന്ന് ഇര വ്യക്തമാക്കിയതിനെ തുടർന്നാണ് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് കേസ് പിൻവലിക്കാൻ കോടതിയെ സമീപിച്ചതും ജഡ്ജി അത് അംഗീകരിച്ചതും.
കഴിഞ്ഞ എട്ട് വർഷമായി തുടരുന്ന നിയമപോരാട്ടത്തിൽ ഇതിനോടകം രണ്ട് ഗ്രാൻഡ് ജൂറികൾക്കും മൂന്ന് ട്രയൽ ജൂറികൾക്കും മുന്നിൽ ജെസീക്ക മാൻ വിശദമായ മൊഴി നൽകിയിരുന്നു. 2020-ൽ ഈ കേസിൽ വെയ്ൻസ്റ്റൈൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് അപ്പീൽ കോടതി ആ വിധി റദ്ദാക്കി. അതിനുശേഷം നടന്ന രണ്ട് പുനർവിചാരണകളിലും ജൂറി അംഗങ്ങൾക്ക് ഒരു ഏകകണ്ഠമായ തീരുമാനത്തിൽ എത്താൻ സാധിക്കാതെ വരികയും കേസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. നാലാമതും ഒരു വിചാരണ നേരിടുന്നത് തനിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ജെസീക്ക മാൻ കോടതിയെ എഴുതി അറിയിക്കുകയായിരുന്നു.
അതേസമയം, ഈ ഒരു കേസ് ഒഴിവാക്കിയെങ്കിലും ഹാർവി വെയ്ൻസ്റ്റൈന് ജയിലിൽ നിന്ന് മോചനമുണ്ടാകില്ല. മിറിയം ഹേലി എന്ന സ്ത്രീ നൽകിയ മറ്റൊരു ലൈംഗിക അതിക്രമ കേസിൽ വെയ്ൻസ്റ്റൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ അദ്ദേഹത്തിന് 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വരും മാസങ്ങളിൽ ഇതിൻ്റെ വിധി പ്രസ്താവിക്കും.
ഇതുകൂടാതെ, ലോസ് ആഞ്ചലസിൽ ഒരു ഇറ്റാലിയൻ നടിയെ ബലാത്സംഗം ചെയ്ത കേസിൽ വെയ്ൻസ്റ്റൈന് 16 വർഷത്തെ തടവുശിക്ഷ നിലവിലുണ്ട്. ആഗോളതലത്തിൽ വലിയ ചർച്ചയായ #MeToo പ്രസ്ഥാനത്തിന് തുടക്കമിട്ടത് ഹാർവി വെയ്ൻസ്റ്റൈനെതിരെയുള്ള ലൈംഗിക അതിക്രമ ആരോപണങ്ങളായിരുന്നു. 80-ലധികം സ്ത്രീകളാണ് അദ്ദേഹത്തിനെതിരെ സമാനമായ പരാതികളുമായി രംഗത്തെത്തിയിട്ടുള്ളത്.
Prosecution drops rape case against Hollywood producer Harvey Weinstein; victim says no to retrial















