
ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കിയതിലെ (എസ്ഐആർ) ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിവിധ സംഘടനകൾ വെള്ളിയാഴ്ച നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. പാർലമെന്റ് സ്ട്രീറ്റ്, കണോട്ട് പ്ലേസ് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉത്തരവ് ലംഘിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 223 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എഫ്.ഐ.ആറിലെ പ്രതിപ്പട്ടികയിൽ വ്യക്തികളുടെയോ സംഘടനകളുടെയോ പേരുകൾ നേരിട്ട് ചേർത്തിട്ടില്ലെങ്കിലും, പ്രതിഷേധത്തിൽ പങ്കെടുത്ത സംഘടനകളെക്കുറിച്ച് ഇതിൽ പരാമർശിക്കുന്നുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ക്രമസമാധാനപാലനവും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനായി ന്യൂഡൽഹി ഡിസ്ട്രിക്റ്റ് പൊലീസ് പരിധിയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ച് ആളുകൾ കൂട്ടം കൂടിയതിനാലാണ് കേസെടുത്തത്. മുൻകൂർ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടുന്നതും മുദ്രാവാക്യം വിളിക്കുന്നതും പ്രകടനങ്ങൾ നടത്തുന്നതും ഈ നിയമപ്രകാരം വിലക്കിയിട്ടുള്ളതാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രതിഷേധത്തിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ പൊലീസ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ എഎപി, ഐസ, എസ്എഫ്ഐ, എൻഎസ്യുഐ, യൂത്ത് കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ-വിദ്യാർത്ഥി സംഘടനകളിലെ ആയിരത്തോളം പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ജന്തർ മന്തറിന് സമീപത്തുനിന്ന് 750 ഓളം പേരെയും ഡൽഹിയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 400 ഓളം പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ പ്രമുഖരായ ഇരുന്നൂറോളം നേതാക്കളെ വെള്ളിയാഴ്ച രാവിലെ മുതൽ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ബസുകളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
Protest against Gyanesh Kumar: Around 1,000 people taken into preventive custody in Delhi; three cases registered.









