
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിച്ച മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. കേരള ഹൗസിൽ നിന്നും പ്രതിഷേധ മാർച്ചുമായി മുന്നോട്ട് പോകാൻ ഒരുങ്ങുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ തുടങ്ങിയ പ്രമുഖ നേതാക്കളാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. കേരള ഹൗസിന് മുന്നിൽ വെച്ച് തന്നെ പൊലീസ് നേതാക്കളെ തടയുകയായിരുന്നു.
പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും, ജന്തർ മന്ദറിലേക്ക് നിശ്ചയിച്ച മാർച്ചിന്റെ ഭാഗമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് വാഹനങ്ങളിൽ കയറ്റി മാറ്റുകയായിരുന്നു.
തങ്ങൾക്കെതിരെയുള്ള പൊലീസ് നടപടി ജനാധിപത്യ ധ്വംസനമാണെന്ന് പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി സിജെപി സമരത്തിന് പിന്തുണ നൽകേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നിൽ നിർത്തി ജനാധിപത്യ പ്രക്രിയകളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
Protest demanding Gyanesh Kumar’s resignation: CPM leaders, including Pinarayi Vijayan, taken into custody in Delhi.













