സ്വിഗി, സോമറ്റോ ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി വില്പന നടത്തുന്നു എന്ന് പരാതി ഉണ്ട്. ഈ പരിപാടി നിർത്തണം. ഇത് തുടർന്നാൽ ഞങ്ങൾ പിടിക്കും. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഒരു ശിപാർശയും ഓപ്പറേഷൻ തൂഫാൻ കേസുകളിൽ കേൾക്കാൻ പാടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ആംബുലൻസുകൾ ലഹരിവില്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതി ഉണ്ട്. ആംബുലൻസുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നു. നല്ല കാര്യമാണ്. ജനങ്ങൾ ഒന്നടങ്കം തൂഫാൻ വാരിയേഴ്സ് ആയി മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യുഡിഎഫ് സർക്കാരിൻ്റെ സംസ്ഥാന ബജറ്റിൽ ആലപ്പുഴയ്ക്ക് ശ്രദ്ധേയസ്ഥാനമുണ്ടായി. ജില്ലയുടെ വളർച്ചക്കുള്ള പ്രഖ്യാപനങ്ങളുണ്ടായി. കയർ മേഖലക്ക് 157 കോടി രൂപ വകയിരുത്തി. കൂടുതൽ വേണമെന്നുണ്ടായിരുന്നു. കയർ മേഖലയിൽ വളരെയേറെ പരിഷ്കരണം വേണം. പ്രതിസന്ധി പരിഹരിക്കാൻ പ്രായോഗിക സമീപനമുണ്ടാകും. കയർ മേഖലയിൽ പുതിയ നിയമനങ്ങൾ ഇനിയില്ല. പരസ്യം നൽകുന്നതും വേണ്ടെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും ദിവസവേതനക്കാരെ തത്കാലം നിയമിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുമ്പ് ഹരിപ്പാട് മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ പങ്കാളിത്തത്തോടെയായിരുന്നു. ഇപ്പോൾ നടത്തിപ്പ് സർക്കാരിന് തന്നെയാണ്. കേരളത്തിൽ ഏത് ജില്ലയിലാണ് ഒന്നിലധികം മെഡിക്കൽ കോളേജുകൾ ഇല്ലാത്തത്. ആലപ്പുഴക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ ദൂരെയ്ക്ക് പോകേണ്ട അവസ്ഥയാണ്. ഇത് മാറണം. വണ്ടാനം മെഡിക്കൽ കോളേജിന് താങ്ങാൻ കഴിയാത്ത രോഗികൾ ആണ് നിലവിൽ വരുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് വികസിക്കണം. അതിന് എന്തിനാണ് പുതിയ മെഡിക്കൽ കോളേജ് വരുന്നതിനെ എതിർക്കുന്നത്.
ജി സുധാകരൻ പണ്ടേ ഹരിപ്പാട് മെഡിക്കൽ കോളേജിന് എതിരാണ്. ഹരിപ്പാട് ഒരു മെഡിക്കൽ കോളേജ് കൂടി വന്നാൽ എന്ത് സംഭവിക്കാനാണ്. മുതിർന്ന നേതാവായ ജി സുധാകരൻ അദേഹത്തിന്റെ നിർദേശങ്ങൾ പരിഗണിക്കും. 14 പ്രൊപ്പസലുകൾ നൽകിയിട്ട് ഒന്നിനും ഭരണാനുമതി ഇല്ലെന്ന് സുധാകരൻ പരാതി പറഞ്ഞിരുന്നു. അടുത്ത വർഷം കുട്ടികളെ പ്രവേശിപ്പിക്കാൻ കഴിയും തരത്തിൽ നിർമാണം ആരംഭിക്കും. വീര്യം കുറഞ്ഞ മദ്യം, പ്രതിപക്ഷത്ത് ഇരുന്നപ്പോൾ എതിർത്തിരുന്നു. അന്ന് അഴിമതി ഉന്നയിച്ചു. ഇന്ന് അഴിമതി ഇല്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാവും മുന്നോട്ട് പോകുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Ramesh Chennithala warns; Beware of Swiggy and Zomato delivery people, there are complaints that they are selling drugs















