വീണ്ടും ചേസ് മാസ്റ്റർ കിംഗായി കോലി; ഗുജറാത്തിനെ തകര്‍ത്ത് ഐപിഎല്‍ കിരീടം നിലനിര്‍ത്തി ആര്‍സിബി

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടും ഐപിഎൽ കിരീടം ചൂടി. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 18 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആർസിബി മറികടക്കുകയായിരുന്നു. തകർപ്പൻ ബാറ്റിംഗുമായി മുന്നിൽ നിന്ന് നയിച്ച റൺ മെഷീൻ വിരാട് കോലിയാണ് ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം സമ്മാനിച്ചത്. 42 പന്തിൽ മൂന്ന് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കം 75 റൺസോടെ കോലി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. 37 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (10), സായ് സുദർശൻ (12), ജോസ് ബട്‌ലർ (19) എന്നിവരടങ്ങുന്ന മുൻനിര നിരാശപ്പെടുത്തിയപ്പോൾ ഗുജറാത്ത് തകർച്ച നേരിട്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാസിക് സലാം ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും ചേർന്നാണ് ഗുജറാത്ത് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

മറുപടി ബാറ്റിംഗിൽ ആർസിബിക്കും തുടക്കം പാളിയെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന വിരാട് കോലി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വെങ്കടേഷ് അയ്യർ (15 പന്തിൽ 32), ടിം ഡേവിഡ് (17 പന്തിൽ 24) എന്നിവർ കോലിക്ക് മികച്ച പിന്തുണ നൽകി. ദേവ്ദത്ത് പടിക്കൽ (1), രജത് പടിധാർ (15), ക്രുനാൽ പാണ്ഡ്യ (1) എന്നിവരാണ് പുറത്തായ മറ്റ് ആർസിബി താരങ്ങൾ. ജിതേഷ് ശർമ (11) കോലിക്കൊപ്പം പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും കിരീടം നിലനിർത്തുന്നതിൽ നിന്നും ആർസിബിയെ തടയാൻ അത് മതിയാകുമായിരുന്നില്ല.

RCB Retain IPL Title with Five-Wicket Win Over Gujarat Titans as Chase Master Virat Kohli Shines

More Stories from this section

family-dental
witywide