ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരാൾക്ക് ജീവൻ നഷ്‌ടമായി. അപകടത്തിൽ നൂറോളം ഭക്തർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കനത്ത തിരക്കിനിടയിൽ കഠിനമായ ശ്വസതടസ്സം അനുഭവപ്പെട്ട ഒരു ഭക്തനെ ഉടൻ തന്നെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിച്ചു. ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടിയ ബഡാ ദണ്ഡയിലാണ് (ഗ്രാൻഡ് റോഡ്) സംഭവം.
നിരവധി പേരാണ് ബഡാ ദണ്ഡയിൽ ഭഗവാൻ ജഗന്നാഥൻ, ഭഗവാൻ ബലഭദ്രൻ, ദേവി സുഭദ്ര എന്നിവരുടെ രഥം വലിക്കുന്നത് കാണാൻ നടന്നത്. നേരിയ മഴയുള്ള സമയത്താണ് അപകടം. സംഭവത്തിൽ നൂറോളം ഭക്തർക്ക് പരിക്കേൽക്കുകയോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്‌തതായും ഇതിൽ 50-ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃത അറിയിച്ചു. തിക്കും തിരക്കും ഉണ്ടായതിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
സംഭവത്തിൽ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക് അനുശോചനം രേഖപ്പെടുത്തുകയും ഭക്തരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ശരിയായ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. രഥയാത്രയ്ക്കിടെ ബഡാദണ്ഡയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരിച്ച വാർത്തയിൽ ഞാൻ അങ്ങേയറ്റം ദുഃഖിക്കുന്നു. ജീവൻ നഷ്‌ടപ്പെട്ട ഭക്തരുടെ ആത്മാക്കളുടെ നിത്യശാന്തിക്കായും പരിക്കേറ്റ നൂറിലധികം ഭക്തർ വേഗത്തിൽ സുഖം പ്രാപിക്കാനുമായി ഞാൻ പ്രാർത്ഥിക്കുന്നു. ദുഃഖത്തിൻ്റെ ഈ വേളയിൽ ബിജു ജനതാദളിലെ എല്ലാ പ്രവർത്തകരും എല്ലാവർക്കും സഹായം നൽകുന്നതിനായി പൂർണ സഹകരണം ഉറപ്പാക്കും. ആൾക്കൂട്ടത്തെ ശരിയായി നിയന്ത്രിച്ചുകൊണ്ട് ഭക്തരുടെ സൗകര്യവും സുരക്ഷയും സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും എക്സിലൂടെ അദ്ദേഹം പ്രതികരിച്ചു.
One person died and around a hundred others were injured in a crowd crush during the Puri Jagannath Rath Yatra.











