
തിരുവനന്തപുരം: പാർട്ടി ആവശ്യപ്പെട്ടാൽ കെ സി വേണുഗോപാലിന് വേണ്ടി ആലപ്പുഴ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാണെന്ന് നിയുക്ത എംഎൽഎ എ ഡി തോമസ്. വിഷയവുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം ഹൈക്കമാൻഡ് നിരീക്ഷകരുടെ മുന്നിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. “ബൂത്ത് പ്രസിഡന്റിൽ നിന്ന് എഐസിസി വരെ എല്ലാവർക്കും അഭിപ്രായം പറയാൻ അവസരമുള്ള പാർട്ടിയാണ് കോൺഗ്രസ്. ഓരോരുത്തർക്കും അവരുടെ നിലപാടുകളും ആഗ്രഹങ്ങളും പ്രകടിപ്പിക്കാൻ കഴിയുന്നു. അതിൽ തെറ്റൊന്നും കാണുന്നില്ല,” എന്നാണ് എ.ഡി. തോമസിന്റെ പ്രതികരണം.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ആലപ്പുഴയിൽ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “അത് അഭ്യൂഹമാണല്ലോ” എന്നായിരുന്നു മറുപടി. എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും, പാർട്ടി പറയുന്നതനുസരിച്ച് പ്രവർത്തിക്കുകയാണ് ഒരു സാധാരണ പ്രവർത്തകനെന്ന നിലയിൽ തന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ അഭിപ്രായം പറയാനുള്ള വലിപ്പമുള്ള നേതാവല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി കോൺഗ്രസിനകത്തെ ചർച്ചകൾ കടുക്കുകയാണ്.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ പക്ഷങ്ങൾ ശക്തമായ നീക്കങ്ങളിലാണ്. ആദ്യഘട്ട റിപ്പോർട്ടുകൾ പ്രകാരം എംഎൽഎമാരുടെ പിന്തുണ കെ.സി. പക്ഷത്തിനാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ വ്യക്തിഗതമായി കണ്ടശേഷം ആ കണക്കുകൾ മാറിയെന്നാണ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അവകാശപ്പെടുന്നത്.കൂട്ടായ്മയായി കെ.സിക്ക് പിന്തുണ നൽകിയതായി പറഞ്ഞിരുന്ന ചില എംഎൽഎമാർ വ്യക്തിഗത ചർച്ചകളിൽ നിലപാട് മാറ്റിയെന്നതാണ് ഇവരുടെ വാദം.
40ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന കെ.സി. പക്ഷത്തിന്റെ അവകാശവാദം ശരിയല്ലെന്നാണ് വി.ഡി.-ആർ.സി. വിഭാഗങ്ങൾ പറയുന്നത്. വി.ഡി. സതീശൻ പക്ഷം 30 മുതൽ 35 വരെ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുമ്പോൾ, രമേശ് ചെന്നിത്തല പക്ഷം 23 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വ്യക്തമാക്കുന്നത്.














