
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകളുടെ പശ്ചാത്തലത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ നടന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് നേതാവും എംപിയുമായ എം.കെ. രാഘവൻ. കെ.സി. വേണുഗോപാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച ശേഷമാണ് എം.കെ. രാഘവൻ മാധ്യമങ്ങളോട് മനസ്സ് തുറന്നത്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ കെ.സി. വേണുഗോപാലിനെ ലക്ഷ്യമിട്ട് കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം ആസൂത്രിതമായി ആക്രമണം നടത്തിയോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം തന്ത്രപരമായി ഒഴിഞ്ഞുമാറിയെങ്കിലും, വേണുഗോപാലിനെ വേട്ടയാടിയവർ അതിലൂടെ ആത്മസംതൃപ്തി നേടട്ടെയെന്ന് അദ്ദേഹം തുറന്നടിച്ചു.
കെ.സി. വേണുഗോപാലിനെതിരെ ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ലെന്ന രീതിയിലായിരുന്നു ആക്രമണമെന്നും പ്രതിഷേധ റാലികൾ, ഫ്ലെക്സ് ബോർഡുകൾ, ക്രൂരമായ സൈബർ പ്രചാരണങ്ങൾ എന്നിവയുടെ രൂപത്തിൽ വലിയ നീക്കങ്ങളാണ് അദ്ദേഹത്തിനെതിരെ നടന്നതെന്നും രാഘവൻ ചൂണ്ടിക്കാട്ടി. ഇത്തരം വ്യക്തിഹത്യകളെക്കുറിച്ച് പാർട്ടി അടിയന്തരമായി ഗൗരവതരമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പാർട്ടി പിന്തുണച്ചിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ആ വിഷയം ഇപ്പോൾ പൂർണ്ണമായും ഒരു ‘അടഞ്ഞ അധ്യായം’ ആണെന്നായിരുന്നു എം.കെ. രാഘവന്റെ മറുപടി. ഹൈക്കമാൻഡിന്റെ തീരുമാനം അന്തിമമാണെന്നും അത് പാർട്ടിയിലെ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് പൂർണ്ണ പിന്തുണ നൽകുമെന്നും എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പിന്തുണയോടെ വി.ഡി. സതീശൻ സർക്കാർ വിജയകരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും അവയെല്ലാം വരും ദിവസങ്ങളിൽ ഉചിതമായ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും എം.കെ. രാഘവൻ കൂട്ടിച്ചേർത്തു.














