തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ കടുത്ത വിമർശനം ഉയർന്നു. സംഘടനാരംഗത്ത് പാർട്ടിക്കുണ്ടായ ഗുരുതരമായ വീഴ്ചകളാണ് തിരിച്ചടിക്ക് പ്രധാന കാരണമായതെന്ന് യോഗം വിലയിരുത്തി. ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്ത് നിന്ന് അകലുന്നത് മുൻകൂട്ടി കാണാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും, ഇത് തിരിച്ചറിയുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും വിമർശനമുയർന്നു. പാർട്ടിയുടെ നയങ്ങളും പ്രവർത്തനശൈലിയും പുനഃപരിശോധിക്കാൻ അടിയന്തരമായി പ്ലീനം വിളിച്ചുചേർക്കണമെന്ന നിർദ്ദേശവും സംസ്ഥാന സമിതിയിൽ ഉയർന്നു.
വെള്ളാപ്പള്ളി നടേശനോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മൃദുസമീപനം ന്യൂനപക്ഷങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായതായി യോഗത്തിൽ അഭിപ്രായമുയർന്നു. വർഗീയ പരാമർശങ്ങൾ നടത്തിയപ്പോൾ വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് തിരിച്ചടിയായി. പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന കണ്ണൂരിൽ പോലും വോട്ട് ചോർച്ചയുണ്ടായത് ഗൗരവകരമാണ്. അണികൾ മാത്രമല്ല, പാർട്ടി അംഗങ്ങൾ പോലും വോട്ട് ചെയ്തില്ലെന്നത് ഗൗരവത്തോടെ കാണണം. പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച വൻ വീഴ്ചകൾ പാർട്ടിയിലെ ഉൾപ്പോരിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സ്ഥാനാർത്ഥി നിർണ്ണയത്തിലും യോഗത്തിൽ വിമർശനമുണ്ടായി. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ടി.ഐ. മധുസൂദനനെതിരായ ആക്ഷേപങ്ങൾ ഗൗരവകരമാണെന്നും യോഗം വിലയിരുത്തി. ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്നും പാർട്ടിയിൽ അടിമുടി തിരുത്തൽ ആവശ്യമാണെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
CPM State Committee Slams Leadership Over Poll Defeat, Calls for Radical Changes















