മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപത ബിഷപ്പ് എമെരിറ്റസ് റവ. ഡോ. എബ്രഹാം മാർ യൂലിയോസ് കാലം ചെയ്തു

തിരുവല്ല: മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ പ്രഥമ ബിഷപ്പും സഭയുടെ മുൻനിര ആത്മീയനേതാവുമായ ബിഷപ്പ് എമെരിറ്റസ് റവ. ഡോ. എബ്രഹാം മാർ യൂലിയോസ് (81) കാലം ചെയ്തു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക രംഗങ്ങളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹത്തിന്റെ വേർപാട് സഭയ്ക്കും സമൂഹത്തിനും വലിയൊരു നഷ്ടമാണ്.

ജീവിതരേഖയും വിദ്യാഭ്യാസവും

1945 മെയ് 25-ന് തിരുവല്ല കല്ലൂപ്പാറ ഗ്രാമത്തിൽ അന്തരിച്ച വർഗീസ് കാക്കനാട്ടിലിന്റെയും അന്നമ്മ വർഗീസിന്റെയും മകനായി ജനിച്ചു. 1961-ൽ തിരുവല്ല മൈനർ സെമിനാരിയിൽ ചേർന്നു. കോട്ടയം വടവാതൂർ സെന്റ് തോമസ് പോന്തിഫിക്കൽ സെമിനാരിയിലും റോമിലെ പ്രൊപ്പഗണ്ട കോളേജിലുമായി വൈദിക പഠനം പൂർത്തിയാക്കി.

മെത്രാപ്പോലീത്ത സഖറിയാസ് മാർ അത്തനാസിയോസിൽ നിന്നാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. റോമിലെ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, അർബേനിയൻ യൂണിവേഴ്സിറ്റി, മൈസൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കിയ അദ്ദേഹം, ബൈബിൾ തിയോളജിയിൽ ഡോക്ടറേറ്റും സൈക്കോളജിയിൽ മാസ്റ്റർ ബിരുദവും നേടി.

പന്ത്രണ്ടോളം ഭാഷകളിൽ പ്രാവീണ്യമുള്ള ഒരു ഭാഷാ പണ്ഡിതൻ കൂടിയായിരുന്നു അദ്ദേഹം.

സമാനതകളില്ലാത്ത സേവനങ്ങൾ

വൈദിക ശുശ്രൂഷയുടെ ആദ്യ നാളുകളിൽ വിവിധ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, തിരുവല്ല രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടറായും, തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയുടെ റെക്ടറായും സേവനം അനുഷ്ഠിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രപരമാണ്. 2001-ൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം, നഴ്സിംഗ്, ഫാർമസി, ഡെന്റൽ കോളേജുകൾ, പുഷ്പഗിരി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവർത്തിച്ചു. സ്വാശ്രയ കോളേജുകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും അവകാശ സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ നിയമപോരാട്ടങ്ങൾ ശ്രദ്ധേയമാണ്.

മെത്രാൻ പദവിയിൽ

2008 ജനുവരി 18-ന് മൂവാറ്റുപുഴ രൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ അദ്ദേഹം, 2008 ഫെബ്രുവരി 9-ന് ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയിൽ നിന്ന് ‘എബ്രഹാം മാർ യൂലിയോസ്’ എന്ന നാമത്തിൽ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു.

രൂപതയുടെ വളർച്ചയ്ക്കും വിശ്വാസികളുടെ ആത്മീയ ഉന്നതിക്കും വേണ്ടി അദ്ദേഹം അക്ഷീണം യജ്ഞിച്ചു.

സംസ്കാര ശുശ്രൂഷ സംബന്ധിച്ച വിവരങ്ങൾ പിന്നീട്.

Rev. Dr. Abraham Mar Julios, Bishop Emeritus of the Muvattupuzha Eparchy of the Malankara Catholic Church, has passed away.