
മുംബൈ: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതോടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഇന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 139 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിന് ഏകദേശം 94.90 രൂപ എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലേക്ക് ഉയർന്നതാണ് ആഭ്യന്തര കറൻസിക്ക് തിരിച്ചടിയായത്.
പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് എണ്ണ വിപണിയെ പ്രക്ഷുബ്ധമാക്കിയത്. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ യുഎസ് തള്ളിയതോടെ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ശക്തമായി. ഇതോടെ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ഇന്ത്യ കൂടുതൽ ഡോളർ ചെലവാക്കേണ്ടി വരുന്ന സാഹചര്യമുണ്ടായി. ഇതാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണമായത്. കൂടാതെ, ആഗോള വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയെ കൂടുതൽ ദുർബലപ്പെടുത്തി.
രൂപയുടെ മൂല്യം അനിയന്ത്രിതമായി ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ ഇടപെട്ടേക്കും. ഇന്ധനവില വർധനവ് രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും വിനിമയ നിരക്കിലെ മാറ്റങ്ങൾ പ്രതിഫലിക്കുക.
Rupee hits record low as oil prices surge, touches Rs 95 against dollar















