റഷ്യൻ ഡ്രോൺ നാറ്റോ അംഗ രാജ്യമായ റൊമാനിയയിൽ പതിച്ചു; അപ്പാർട്ട്മെൻ്റിന് തീപിടിച്ചു, വൻ നാശനഷ്ടം, അപലപിച്ച് നാറ്റോ

ബുക്കാറെസ്റ്റ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൻ്റെ ഭീതി നാറ്റോ സഖ്യരാജ്യങ്ങളിലേക്കും പടരുന്നു. യുക്രേനിയൻ തുറമുഖ നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിനിടെ, ഒരു റഷ്യൻ ഡ്രോൺ അതിർത്തി കടന്ന് നാറ്റോ അംഗരാജ്യമായ റൊമാനിയയിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ ഇടിച്ചു തകർന്നു. തെക്കുകിഴക്കൻ റൊമാനിയൻ അതിർത്തി നഗരമായ ഗലാറ്റിയിലെ 10 നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ മേൽക്കൂരയിലാണ് സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഡ്രോൺ പതിച്ചത്. ഡ്രോൺ ഇടിച്ചതിനെത്തുടർന്ന് കെട്ടിടത്തിൻ്റെ പത്താം നിലയിൽ വൻ തീപിടുത്തമുണ്ടാവുകയും രണ്ട് റൊമാനിയൻ പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു.

റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം റൊമാനിയൻ മണ്ണിൽ വച്ച് അവിടുത്തെ സാധാരണക്കാർക്ക് പരിക്കേൽക്കുന്ന ആദ്യ സംഭവമാണിത്. കെട്ടിടത്തിലുണ്ടായിരുന്ന എഴുപതോളം താമസക്കാരെ രക്ഷാപ്രവർത്തകർ അടിയന്തരമായി ഒഴിപ്പിച്ചു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ കെട്ടിടത്തിനും സമീപം പാർക്ക് ചെയ്തിരുന്ന അഞ്ചോളം കാറുകൾക്കും കടുത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

റഷ്യൻ ഡ്രോണുകൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി റഡാറുകളിൽ തെളിഞ്ഞതിനെത്തുടർന്ന് റൊമാനിയൻ വ്യോമസേന രണ്ട് എഫ്-16 യുദ്ധവിമാനങ്ങളും മിലിട്ടറി ഹെലികോപ്റ്ററും അടിയന്തരമായി അന്തരീക്ഷ നിരീക്ഷണത്തിനായി നിയോഗിച്ചു. ശത്രു ലക്ഷ്യങ്ങളെ തകർക്കാൻ പൈലറ്റുമാർക്ക് പ്രത്യേക അനുമതിയും നൽകിയിരുന്നു. അതിർത്തി ജില്ലകളായ തുൽച്ചിയ, ബ്രയില, ഗലാറ്റി എന്നിവിടങ്ങളിലെ ജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ‘റോ-അലർട്ട്’ (Ro-Alert) വഴി റൊമാനിയൻ സർക്കാർ അടിയന്തര സന്ദേശം നൽകി.

റൊമാനിയൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന യുക്രെയ്നിലെ ഒഡേസ മേഖലയിലുള്ള പ്രധാന ഡാന്യൂബ് നദി തുറമുഖമായ ഇസ്മായിലിനെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയത്. ഇസ്മായിലിലേക്ക് വന്ന ഡ്രോണുകളിൽ ഒന്നാണ് നിയന്ത്രണം വിട്ട് അതിർത്തി കടന്ന് റൊമാനിയൻ നഗരത്തിൽ പതിച്ചത്. റഷ്യയുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി അങ്ങേയറ്റം “ആ ഉത്തരവാദിത്തമില്ലാത്തതും അപകടകരവുമാണെന്ന്” റൊമാനിയൻ പ്രതിരോധ മന്ത്രാലയവും നാറ്റോയും അപലപിച്ചു.

Russian drone crashes in NATO member Romania; apartment catches fire, causes extensive damage, NATO condemns

More Stories from this section

family-dental
witywide