
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർമാർ സമ്പൂർണ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുള്ളത്. ഇതിൽ കോഴിക്കോട് ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
കൂടാതെ കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിൽ ഭാഗികമായ നിയന്ത്രണങ്ങളോടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാക്കിയിരിക്കുന്നത്. എന്നാൽ ഇവിടെ പ്രൊഫഷണൽ കോളേജുകൾക്കും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല അല്ലെങ്കിൽ പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമല്ല. വയനാട്, ഇടുക്കി ജില്ലകളിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമായിരിക്കും അവധിയുണ്ടാകുക.
അതിശക്തമായ മഴ മൂലം വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതും കണക്കിലെടുത്താണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അധികൃതർ അവധി നൽകിയത്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
Heavy Rain: Educational Institutions in 4 Kerala Districts to Remain Closed Tomorrow













