കരുത്തിൻ്റെ പോരാട്ടത്തിന് ആവേശം പകരാൻ ആ ‘ശബ്ദമാന്ത്രികർ’ വീണ്ടുമെത്തുന്നു; ഷിക്കാഗോ വടംവലി പൂരത്തിന് മാറ്റുകൂട്ടാൻ സജിയും റോണാൾഡും സിജിലും!

ബെൻസൺവില്ല (ഷിക്കാഗോ): ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റിൽ കയറിൽ പയറ്റുന്ന കരുത്തർക്കൊപ്പം തന്നെ കാണികളുടെ സിരകളിൽ ആവേശം നിറയ്ക്കാൻ വടംവലി പ്രേമികളുടെ പ്രിയപ്പെട്ട മൂവർസംഘം ഇത്തവണയും മൈക്കിന് പിന്നിൽ അണിനിരക്കുന്നു. നാടൻ തനിമയും രാജ്യാന്തര നിലവാരവും ഒത്തുചേരുന്ന മാസ്മരിക കമന്ററിയിലൂടെ സ്റ്റേഡിയത്തെയും ലൈവ് പ്രേക്ഷകരെയും ഒരുപോലെ ആവേശത്തിൻ്റെ വാനോളമുയർത്താനാണ് ഈ പ്രമുഖ സഖ്യം തയ്യാറെടുത്തിരിക്കുന്നത്.

ഷിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരം ആരംഭിച്ച കാലം മുതൽ, കഴിഞ്ഞ പതിനൊന്ന് വർഷക്കാലമായി കമന്ററി സംഘത്തിന്റെ നെടുംതൂണായി നിലകൊള്ളുന്ന ഷിക്കാഗോയുടെ സ്വന്തം സജി പുതൃക്കയിൽ തന്നെയാണ് ഇത്തവണയും ഈ ശബ്ദവിസ്മയത്തിന് നേതൃത്വം നൽകുന്നത്. വടംവലി ചരിത്രത്തിന്റെ നാൾവഴികൾ കൃത്യമായി അറിയാവുന്ന സജിയുടെ സാന്നിധ്യം ടൂർണമെന്റിന്റെ ആവേശം ഇരട്ടിയാക്കുന്നു.

അതോടൊപ്പം, കുറെ വർഷങ്ങളായി ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ വടംവലിയുടെയും നോർത്ത് അമേരിക്കയിലെ വിവിധ വടംവലി മത്സരങ്ങളുടെയും കമന്ററിക്ക് ചുക്കാൻ പിടിച്ച പരിചയസമ്പന്നനും, ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റുമായ റോണാൾഡ് പൂക്കുമ്പേലും മൈക്കിന് പിന്നിലെത്തുന്നുണ്ട്. കായിക സംഘടന രംഗത്തെയും കമന്ററി രംഗത്തെയും അദ്ദേഹത്തിന്റെ മികവ് മത്സരത്തിന് കനത്ത പ്രൊഫഷണലിസം പകരുന്നു.

ഈ പ്രവാസക്കരുത്തിനൊപ്പം ഇത്തവണത്തെ വടംവലി കമന്ററി കൂടുതൽ ഗംഭീരമാക്കാൻ കേരളത്തിലെ സുപ്രധാന വടംവലി മത്സരങ്ങളിൽ മനോഹരമായി കമന്ററി പറഞ്ഞ് നിരവധി കൈയടികൾ നേടിയ കളിമുറ്റത്തെ പരിചയസമ്പന്നതയുടെ മുഖമായ സിജിൽ രാജുവും മലബാറിന്റെ മണ്ണിൽ നിന്ന് ഷിക്കാഗോയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. നാട്ടിലെ വടംവലി പൂരങ്ങളുടെ ആവേശം അതേപടി ഷിക്കാഗോ മണ്ണിലേക്ക് പകർന്നു നൽകാൻ സിജിലിന്റെ നാടൻ ശൈലിക്ക് സാധിക്കുന്നു.

കാനഡ ഗ്ലാഡിയേറ്റേഴ്സ്, ന്യൂ സ്റ്റാർ ടെക്സസ് തുടങ്ങിയ മുൻനിര ടീമുകൾ 56 വലികളുടെ കഠിനമേറിയ പോരാട്ടത്തിൽ ഏർപ്പെടുമ്പോൾ, ഈ മൂവർസംഘത്തിന്റെ വാക്ചാതുരി ടൂർണമെന്റിന്റെ മാറ്റ് ഇരട്ടിയാക്കുകയാണ്. KV TV-യിലൂടെ ലോകമെമ്പാടുമുള്ള നിരവധി പ്രവാസി മലയാളി പ്രേക്ഷകർ ഈ മൂവർസംഘത്തിന്റെ ലൈവ് കമന്ററിയുടെ ആവേശത്തിലാണ് ടൂർണമെന്റ് തത്സമയം വീക്ഷിക്കുന്നത്.

Saji, Ronald and Sijil to add excitement to Chicago Social Club’s 12th International Tug of War Tournament with commentary

Also Read

More Stories from this section

family-dental
witywide